റാന്നിയിലെ പട്ടയ പ്രശ്നം വനം- റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടന്‍ ചേരും: മന്ത്രി കെ.രാജന്‍

പത്തനംതിട്ട: റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ പറഞ്ഞു. റാന്നിയിലെ വിവിധ വില്ലേജുകളിലെ പട്ടയം സംബന്ധിച്ച് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വനം വകുപ്പിന്റെ രേഖകള്‍ പ്രകാരം പത്തനംതിട്ട ജില്ലയില്‍ റാന്നി- കോന്നി വനം ഡിവിഷനില്‍ 25 പട്ടികവര്‍ഗ്ഗ സങ്കേതങ്ങളാണുള്ളത്. ഇതില്‍ 1977 ന് മുമ്പുള്ള വനഭൂമിയിലെ അനധികൃത കൈയേറ്റം ക്രമവല്‍ക്കരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി, പട്ടയം അനുവദിക്കുന്നതിനായി സംയുക്ത പരിശോധന നടത്തി നടപടികള്‍ തുടരുകയാണ്. മിനി സര്‍വ്വേ ടീമിന്റെ സംയുക്ത സര്‍വേ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് പെരുമ്പെട്ടി-പൊന്തന്‍പുഴ മേഖലകളില്‍ പട്ടയം നല്‍കുന്ന തുടര്‍ നടപടികള്‍ സ്വീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലമുള, പരുവ, മണ്ണടി ശാല, കക്കുടുക്ക, വലിയ പതാല്‍, വെച്ചൂച്ചിറ, അരയാഞ്ഞിലിമണ്‍ ഭാഗങ്ങളിലെ കൃഷിക്കാര്‍ക്കും ദശാബ്ദങ്ങളായി കൈവശം വച്ചനുഭവിച്ചു വരുന്ന താമസക്കാര്‍ക്കും പട്ടയം നല്‍കുന്നതിനായുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. അടിച്ചിപ്പുഴ, ചൊള്ളനാവയല്‍, വെച്ചൂച്ചിറ എക്സ് സര്‍വീസ്മെന്‍ കോളനി, ചണ്ണ, മുക്കുഴി, ഒളികല്ല്, അത്തിക്കയം, തെക്കേ തൊട്ടി, കടുമീന്‍ചിറ, കുടമുരുട്ടി, അട്ടത്തോട്, പമ്പാവാലി, ഏയ്ഞ്ചല്‍ വാലി, കൊട്ടംപ്പാറ, പെരുനാട്, കുരുമ്പന്‍മുഴി, മണക്കയം, മോതിരവയല്‍, അമ്പലപ്പാറ, അരയന്‍ പാറ എന്നീ പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കണമെന്ന് സബ്മിഷനിലൂടെ എംഎല്‍ എആവശ്യപ്പെട്ടു.

Hot Topics

Related Articles