18 കിലോ കഞ്ചാവുമായി 4 ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍; പിടിയിലായത് ലഹരിമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ

നിലമ്പൂർ: പശ്ചിമബംഗാളില്‍നിന്ന് എടക്കരയിലേക്ക് തീവണ്ടി മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ പിടിയിൽ. എടക്കര പോലീസ് ഇൻസ്പെക്ടർ എസ്. അനീഷിന്റെ നേതൃത്വത്തില്‍ എടക്കര പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാവിലെ 9.00 മണിയോടെ മുട്ടിക്കടവ് പൂച്ചക്കുത്ത് വെച്ച്‌ പ്രതികള്‍ പിടിയിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പർഗാനസ് സ്വദേശികളായ അംജത് ഖാൻ (32), ഖുശിബുള്‍ (43), അബ്ദുള്‍ റഹ്മാൻ (23), കരീം ഖാൻ (24) എന്നിവരെയാണ് എസ്.ഐ. സി.പി. റോബർട്ട് അറസ്റ്റ് ചെയ്തത്.

Advertisements

അവധിയെടുത്ത് നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് ശേഖരിച്ച്‌ ജില്ലയിലെ ഏജന്റുമാർക്ക് കൈമാറുകയാണ് പതിവ്. ജില്ലയിലേയ്ക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. വിപണിയില്‍ അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരില്‍നിന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേന കഞ്ചാവ് കടത്തുന്ന സംഘങ്ങളേക്കുറിച്ചും ഏജന്റുമാരെ കുറിച്ചും ജില്ലാ പോലീസ് മേധാവി ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂർ ഡി.വൈ.എസ്.പി. പി. എല്‍. ഷൈജുവിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. സീനിയർ സിവില്‍ പോലീസ് ഓഫസർ സി.എ. മുജീബ്, പി. വിനോദ്, സി.പി.ഒ. മാരായ അനീഷ് തോമസ്, കെ. സുനീഷ്, പ്രശാന്ത്, സബിൻ, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles