തിരുവല്ല : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കും എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ നാളെ വൈകിട്ട് മൂന്നിന് തിരുവല്ലയിൽ എത്തും.
ആലപ്പുഴ ജില്ലയിൽ നിന്നും പത്തനംതിട്ട ജില്ലാ അതിർത്തിയായ
കുറ്റൂർ ആറാട്ടുകടവിൽ എത്തിച്ചേരുന്ന ജാഥയെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും, സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎ യുമായ രാജു ഏബ്രഹാം എന്നിവർ ചേർന്ന് സ്വീകരിക്കും.
ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ നിന്നും തുറന്ന ജീപ്പിൽ ജാഥ അംഗങ്ങളെ നൂറോളം ചുവപ്പുസേനാംഗങ്ങൾ, വാദ്യമേളം, കരകം തുടങ്ങിയവയുടെ അകമ്പടിയോടെ സ്വീകരിച്ച് പാർട്ടി നേതൃത്വം സമ്മേളന വേദിയായ നഗരസഭ മൈതാനിയിലേക്ക് ആനയിക്കും.
നാളെയും പതിനാലിനുമായി ജില്ലയിൽ അഞ്ച് സ്വീകരണം നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അറിയിച്ചു. നാളെ രാവിലെ ആലപ്പുഴയിൽ നിന്ന് പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കുന്ന ജാഥയെ ജില്ലാ അതിർത്തിയായ കുറ്റൂർ ആറാട്ട് കടവിൽ സ്വീകരിച്ച് തിരുവല്ല നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തെ തുടർന്ന്
കോഴഞ്ചേരി വഴി റാന്നിയിൽ എത്തുന്ന ജാഥയെ ചെറുപുഴ പാലത്തിൽ നിന്ന് ഇട്ടിയപ്പാറ ടൗണിലേക്ക് സ്വീകരിച്ച്
സ്വകാര്യ ബസ് സ്റ്റാൻഡിലെ സമ്മേളനം നഗരിയിൽ എത്തും . തുടർന്ന് 14ന് രാവിലെ ജാഥയെ സിവിൽ സ്റ്റേഷനു മുൻപിൽ നിന്ന് സമ്മേളന നഗരിയായ പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് സ്വീകരിക്കും. തുടർന്ന് കുമ്പഴ വഴി കോന്നിയിലേക്ക് 11ന് എത്തിച്ചേരുന്ന ജാഥ നിർദ്ദിഷ്ട കെഎസ്ആർടിസി ബസ്റ്റാൻഡിൽ സമ്മേളന നഗരിയിലേക്ക് സ്വീകരിക്കും.
അവിടെ നിന്നും തട്ട വഴി മൂന്നിന് അടൂരിൽ എത്തുന്ന ജാഥയെ സെൻട്രൽ ജംഗ്ഷനിൽ നിന്ന് കെഎസ്ആർടിസി കോർണറിൽ സ്വീകരണം നൽകും . അവിടെ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം ജാഥ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.