അഹമ്മദാബാദ്: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ 14 റണ്ണിന് വിരാട് കോഹ്ലിയ്ക്ക് ഇരട്ട സെഞ്ച്വറി നഷ്ടം. അവസാന വിക്കറ്റിൽ കോഹ്ലിയ്ക്ക് പിൻതുണ നൽകാൻ ആരുമില്ലാതെ പോയതാണ് ഇന്ത്യൻ ലീഡ് 91 ൽ ഒതുങ്ങിയതിനും, കോഹ്ലിയുടെ ഇരട്ട സെഞ്ച്വറി നഷ്ടത്തിനും ഇടയാക്കിയത്. 364 പന്തിൽ നിന്നും 186 റണ്ണെടുത്ത കോഹ്ലി, സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ മർഫിയുടെ പന്തിൽ ലെബുഷൈന് ക്യാച്ച് നൽകി മടങ്ങി.
കോഹ്ലിയ്ക്കു പിൻതുണ നൽകി അടിച്ചു തകർത്തിരുന്ന അക്‌സർ (79) പുറത്തായതിന് പിന്നാലെ അശ്വിനാണ് കോഹ്ലിയ്ക്കു കൂട്ടായി എത്തിയത്. ആക്രമിച്ചു കളിക്കാനുള്ള ശ്രമത്തിനിടെ 12 പന്തിൽ ഏഴു റണ്ണെടുത്ത് അശ്വിൻ പുറത്തായി. പിന്നാലെ, ഉമേഷ് യാദവ് ഒരു പന്ത് പോലും ബാറ്റ് ചെയ്യാനാവാതെ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പിന്നീട് ഇറങ്ങിയ ഷമിയെ ഒരു വശത്ത് നിർത്തി ആക്രമിക്കാനായിരുന്നു കോഹ്ലിയുടെ ശ്രമം. എന്നാൽ, ബൗണ്ടറി ലൈനിൽ ഫീൽർമാരെ നിരന്തി കോഹ്ലിയുടെ ആക്രമണത്തെ ചെറുത്തു നിർത്താൻ ഓസീസ് ക്യാപ്റ്റൻ ഒരുക്കിയ കെണിയിൽ കുടുങ്ങി. ആദ്യം ഒരു ഷോട്ട് ബൗണ്ടറി ലൈനിൽ ക്യാച്ച് വിട്ടെങ്കിലും, രണ്ട് പന്ത് കൂടി മാത്രമായിരുന്നു കോഹ്ലിയുടെ ആയുസ്. പരിക്കിനെ തുടർന്ന് സ്കാനിങിന് വിധേയനായ അയ്യർ ബാറ്റിംങിന് ഇറങ്ങാതിരുന്നത് ഇന്ത്യൻ ഇന്നിംങ്സിന് തിരിച്ചടിയായി.
ഇന്ത്യൻ സ്‌കോർ – 571
ആസ്‌ട്രേലിയ – 480
ഇന്ത്യൻ ലീഡ് – 91