വിജയരാഘവൻ എന്ന അതുല്യ നടന്‍റെ അഭിനയ ജീവിതത്തിലെ തന്നെ നാഴിക കല്ല്;ആഴത്തിൽ വേരാഴ്ത്തി പൂവിട്ട ജീവിതങ്ങളുടെ കഥ! മനസ്സുതൊട്ട് ‘പൂക്കാലം’, റിവ്യൂ വായിക്കാം

തലയ്ക്കലോട് ചേർത്തു വെച്ച ടൈംപീസിന്‍റെ ശബ്‍ദം ഉച്ചത്തിലായിട്ടും ഉറക്കമുണരാത്ത ഇട്ടൂപ്പിന്‍റെ മൂക്കിനോടടുപ്പിച്ച് കൊച്ചുത്രേസ്യാമ്മ വിരലടുപ്പിച്ച് നോക്കുമ്പോൾ ചത്തിട്ടില്ലടീ എന്ന് പറഞ്ഞുകൊണ്ടാണ് ‘പൂക്കാല’ത്തിലെ നൂറുവയസ്സുള്ള നായകൻ ഇട്ടൂപ്പ് ഉറക്കമുണരുന്നത്. ഈ ഒരു സ്പാർക്ക് തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്തിക്കൊണ്ടാണ് ‘പൂക്കാലം’ എന്ന സിനിമ പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്.

Advertisements

മായതട്ടകത്ത് കുടുംബത്തിലെ പശുവും പട്ടിയും മുതൽ ഓരോ അംഗങ്ങളും പ്രേക്ഷകരുടെ മനസ്സിന്‍റെ ഉമ്മറങ്ങളിലേക്കാണ് പിന്നീട് കസേര വലിച്ചിട്ടിരിക്കുന്നത്. സൂപ്പർഹിറ്റായ ആനന്ദത്തിന് ശേഷമുള്ള ഗണേഷ് രാജിന്‍റെ രണ്ടാമത്തെ ചിത്രം മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ടും കൊഴുക്കട്ട പോലെ, തേൻതുള്ളി പോലെ മധുരമൂറുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇട്ടൂപ്പിന്‍റെയും – കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെ ഏറെ രസാവഹമായതും എന്നാൽ കുറച്ചൊക്കെ കെട്ടുപിണഞ്ഞതുമായ ജീവിതമാണ് ‘പൂക്കാലം’ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിരിക്കുന്നത്. വിവാഹശേഷം എട്ടു പതിറ്റാണ്ടോളം ഒന്നിച്ച് ജീവിച്ച വൃദ്ധദമ്പതികൾ. അവരുടെ കുടുംബത്തിലെ ഇളയതലമുറയിൽ പെട്ട എല്‍സിയുടെ മനസമ്മത ദിനത്തിലാണ് സിനിമ തുടങ്ങുന്നത്.

പള്ളിയിൽ കൊടുക്കാനുള്ള കല്യാണക്കുറി കാണാതാകുന്നു, ഇത് തപ്പുന്നതിനിടയിൽ ആകസ്മികമായി ഇട്ടൂപ്പിന്‍റെ കൈയ്യിൽ പഴയൊരു കത്ത് വന്ന് പെടുന്നു. ആ കുടുംബത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കാനുള്ള എല്ലാം ആ കത്തിലെ അക്ഷരങ്ങളിലുണ്ടായിരുന്നു. പിന്നീടങ്ങോട് ആ കത്തിന് പിറകെയുള്ള അന്വേഷണവും അതോടെ ആ കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

മൂന്ന് അധ്യായങ്ങളായി തിരിച്ചാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അധ്യായം ഒന്ന് ജനനം, അധ്യായം രണ്ട് വളർച്ച, അധ്യായം മൂന്ന് വാട്ടം, അധ്യായം നാല് പൂക്കാലം. ഒരു മനുഷ്യായുസ്സിനെ നാല് ഋതുക്കൾ പോലെ തിരിച്ചിരിക്കുന്നതാണിത്. ഹൃദയം തൊടുന്ന രീതിയിലുള്ള കഥാഗതിയും സംഭാഷണങ്ങളും മേക്കിംഗും കൊണ്ട് തന്‍റെ രണ്ടാം ചിത്രത്തിൽ എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കാനുള്ളതെല്ലാം ഗണേഷ് രാജ് ‘പൂക്കാല’ത്തിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്, അതിലൂടെ തീർത്തും ജീവിതഗന്ധിയായൊരു ചിത്രമാക്കി ഇത് മാറ്റിയിട്ടുമുണ്ട്.

മലയാള സിനിമാലോകത്ത് അരനൂറ്റാണ്ടായി വിവിധതരം വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള വിജയരാഘവൻ എന്ന അതുല്യ നടന്‍റെ അഭിനയ ജീവിതത്തിലെ തന്നെ നാഴിക കല്ല് തന്നെയാണ് ഇട്ടൂപ്പ് എന്ന വേഷം എന്ന് നിസ്സംശയം പറയാം. നടപ്പിലും നോട്ടത്തിലും സംസാരത്തിലും ശരീരഭാഷയിലും മാനറിസങ്ങളിലും നൂറുവയസിനോട് അടുക്കുന്ന വേഷം അദ്ദേഹം അതിമനോഹരമാക്കിയിട്ടുണ്ട്.

അദ്ദേഹത്തോട് കിടപിടിക്കുന്ന അഭിനയം തന്നെയാണ് ഏറെ കാലം നാടകരംഗത്ത് പ്രശോഭിച്ചിട്ടുള്ള കെപിഎസി ലീല എന്ന മുതിര്‍ന്ന നടിയുടേയും. കൊച്ചുത്രേസ്യാമ്മ എന്ന വേഷത്തെ മനസ്സിൽതൊടും വിധം ലീലാമ്മ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. സൂക്ഷ്മഭിനയത്തിന്‍റെയും ഭാവ തീവ്രതയുടെയും പകര്‍ന്നാട്ടമാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്. അതോടൊപ്പം ഇവര്‍ക്ക് ശേഷം ആ കുടുംബത്തിൽ വരുന്ന നാല് തലമുറയിൽ പെടുന്നവരായെത്തുന്ന ഓരോരുത്തരും സിനിമ കഴിയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ കയറുമെന്ന് ഉറപ്പാണ്.

ഒപ്പം തന്നെ അന്നു ആന്‍റണി, അരുൺ കുര്യൻ, വിനീത് ശ്രീനിവാസൻ, ബേസിൽ, ജോണി ആന്‍റണി, അബു സലീം, സുഹാസിനി, ശരത് സഭ, റോഷൻ മാത്യു തുടങ്ങി നിരവധി താരങ്ങൾ ഏറെ ശ്രദ്ധേയ വേഷങ്ങളിൽ ചിത്രത്തിലുണ്ട്. നർമ്മം നിറയ്ക്കുന്നതിൽ വിനീതിന്‍റെ രവിയും ബേസിലിന്‍റെ ജിക്കുമോനും മത്സരിക്കുന്നുണ്ട്. പുതുമുഖങ്ങളായ നിരവധിപേരും ചിത്രത്തിൽ ഞെട്ടിക്കുന്ന പ്രകടനം നടത്തിയിട്ടുണ്ട്. തീയേറ്ററുകളിൽ അതേറെ ചിരിപരത്തുന്നുമുണ്ട്. സച്ചിന്‍ വാര്യര്‍ ഒരുക്കിയ സംഗീതം പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയറുന്നതാണ്. ഛായഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനും, എഡിറ്റര്‍ മിഥുന്‍ മുരളിയും സിനിമയുടെ ദൃശ്യ പരിചരണത്തിലും മുതൽക്കൂട്ടായിട്ടുണ്ട്.

തീർച്ചയായും ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വന്നിരിക്കുന്നൊരു ക്ലീൻ ഫാമിലി എന്‍റര്‍ടെയ്നറാണ് പൂക്കാലം. പ്രായഭേദമെന്യേ ഈ വേനലവധിക്കാലത്ത് ഈ ചിത്രം തിയേറ്ററുകളിൽ തരംഗമാവുമെന്ന് നിസ്സംശയം പറയാം. പഴയതലമുറയിലേയും പുതിയ തലമുറയിലേയും നന്മയെന്തെന്നും തിന്മയെന്തെന്നും ഇവ രണ്ടും കാലഘട്ടത്തിനനുയോജ്യമാം വിധം പ്രേക്ഷകരിലേക്കെങ്ങനെ എത്തിക്കണമെന്നും ഏറെ കിറുകൃത്യമായി ഗണേഷ് ‘പൂക്കാല’ത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പഴമയെ മറക്കുന്ന പുതുമയെ പുണരുന്ന ആധുനിക യുഗത്തിന് തീർച്ചയായും ‘പൂക്കാലം’ ഒരു മസ്റ്റ് വാച്ച് തന്നെയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.