തിരുവല്ല: കേരളത്തിൽ അടിമസമൂഹമായി കഴിഞ്ഞിരുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും അസ്തിത്വവും അറിവും ശബ്ദവും നൽകുന്ന ഒരു സാമൂഹ്യക്രമം വീണ്ടെടുക്കാൻ ഗുരുദേവന് സാധിച്ചുവെന്ന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് പറഞ്ഞു.
എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിലുള്ള 14-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ ശ്രീനാരായണഗുരു വിദ്യാഭ്യാസത്തിലും അറിവിലും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതീയ പാരമ്പര്യത്തിൽ അധിഷ്ഠിതമായും സ്വന്തം ജ്ഞാനതപസ്സിലൂടെയും നേടിയെടുത്ത അഗാധമായ പാണ്ഡിത്യമാണ് തലമുറകൾക്കായി ഗുരു പകർന്നുനൽകിയത്.
സംസ്കൃതത്തിലും തമിഴിലുമുള്ള ഒട്ടേറെ കൃതികളിൽ അറിവ് നേടാൻ ഗുരുദേവൻ മലയാളികൾക്കായി പരിഭാഷപ്പെടുത്തി. ഇംഗ്ലീഷ് അഭ്യസിച്ചില്ലെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം മനസ്സിലാക്കി ഒട്ടേറെ വിദ്യാലയങ്ങൾ തുടങ്ങി. അറിവിന്റെ വെളിച്ചമില്ലാതെ കഴിഞ്ഞവർക്ക് സർഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹ്യ മണ്ഡലങ്ങളിലെ കേരളത്തിന്റെ മുന്നേറ്റം ക്രാന്തദർശിയായ ഗുരുവിന്റെ അക്ഷീണ പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബജീവിതത്തിൽ ഗുരുദർശനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീളാദേവി പ്രഭാഷണം നടത്തി.
കേരളത്തിന് അസ്ഥിത്വവും അറിവും നൽകിയത് ശ്രീനാരായണ ഗുരുദേവൻ : ഡോ. ബി അശോക്
Advertisements