മലപ്പുറം:പൊതുമരാമത്ത് പ്രവൃത്തികളുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് അടുത്ത മാസം മുതല്‍ വകുപ്പില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വരും. പൊതുമരാമത്ത് പ്രവൃത്തികള്‍ നിശ്ചിത കാലയളവിനുള്ളില്‍ തടസ്സങ്ങളില്ലാതെ ഗുണമേന്മയോടെ പൂര്‍ത്തീകരിക്കുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന് വര്‍ക്കിംഗ് കലണ്ടര്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മഴക്കാലത്ത് പദ്ധതി തയ്യാറാക്കുകയും മഴ കഴിയുന്നതോടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്യുന്ന വിധത്തിലാണ് കലണ്ടര്‍ ക്രമീകരിക്കുക. മലപ്പുറം കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായുള്ള നടപടികള്‍ തുടരും. പൊതുമരാമത്ത് വകുപ്പ് പുതിയ മിഷന് രൂപവത്കരിച്ചിട്ടുണ്ട്.
മഴക്കാലത്ത് റോഡ് പ്രവൃത്തി നടത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തേടും. സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി പ്രൊജക്ട് മാനേജ്മെന്റ് സിസ്റ്റം ജനുവരിയില്‍ നിലവില്‍ വരും. റോഡുകളില്‍ ശാശ്വത ഡ്രൈനേജ് സംവിധാനമൊരുക്കാന്‍ ശ്രമം നടത്തും. പൊതുമരാമത്ത് വകുപ്പിനെ സുതാര്യമാക്കുകയും അഴിമതിരഹിതമാക്കുകയും പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയുമാണ് ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുമരാമത്ത് വകുപ്പ് മന്ത്രി, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരാണ് മിഷന് അംഗങ്ങള്‍. ജില്ലാ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പൊതുമരാമത്ത് വകുപ്പ് ജോ. സെക്രട്ടറി സാംബശിവറാവു, എസ് സുഹാസ് എന്നിവര്‍ക്ക് ഏഴ് ജില്ലകളുടെ വീതം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ചുമതല നല്‍കിയിട്ടുണ്ട്.പ്രവൃത്തികളുടെ ഡിഫക്റ്റ് ലയബലിറ്റി പിരീഡില്‍ അറ്റകുറ്റപ്പണികള്‍ കരാറുകാര്‍ നടത്തണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവാദിത്വം. 2,500 ഓളം റോഡുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിയുമായി നേരിട്ട് സംസാരിക്കുന്നതിന് ടോള്‍ ഫ്രീ നമ്പറും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.