വന്നു വന്ന് കള്ളക്കടത്തുകാർക്ക് ജീവിക്കാൻ വയ്യ എന്ന സ്റ്റേജായിരിക്കുന്നു”! സത്യനന്തിക്കാടിൻ്റെ കയ്യിലെത്തിയ നിഷ്കളങ്കനായ കള്ളക്കടത്തുകാരൻ ; കരമനയെപ്പറ്റി ജിതേഷ് മംഗലത്ത് എഴുതുന്നു 

ജിതേഷ് മംഗലത്ത്

സത്യൻ അന്തിക്കാടിന്റെ സിനിമകൾ അഭിനേതാക്കളിലെ അൺ എക്സ്പ്ലോർഡ് ഏരിയകളെ സമർത്ഥമായി ഉപയോഗിക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്.ഉദാഹരണത്തിന്,അതു വരെയും കണ്ടിട്ടുള്ള മോഹൻലാലിൽ നിന്നും തീർത്തും വ്യത്യസ്തമായ,അങ്ങേയറ്റം താളനിബദ്ധത നിറഞ്ഞ ലാലിനെ സത്യനാണ് ആദ്യം കണ്ടെടുക്കുന്നത്;അപ്പുണ്ണിയിലൂടെ.മേനകയെ പെണ്ണുകാണാൻ വരുന്ന സീനിലാണെന്നു തോന്നുന്നു,ലാലൊരു പൂവമ്പഴത്തിന്റെ തോലുരിക്കുന്ന ഭാഗമുണ്ട്.വളരെ ലഘുവായ ഒരു പ്രക്രിയയെ ലാലിന്റെ താളം സുന്ദരമാക്കുന്നത് ടേക്കിനു മുമ്പേ താൻ ശ്രദ്ധിച്ചതാണെന്ന് സത്യനൊരിക്കൽ പറയുന്നത് കേട്ടിട്ടുണ്ട്.നാടോടിക്കാറ്റിലെത്തുമ്പോൾ മലയാളത്തിലെ എണ്ണം പറഞ്ഞ മൂന്ന് സ്വഭാവനടന്മാരുടെ/പ്രതിനായകസ്പർശത്താൽ മുന്നിട്ടു നിന്നിരുന്നവരുടെ ഇമേജ് സത്യൻ പൊളിച്ചടുക്കുന്നത് അത്യന്തം ഭംഗിയായാണ്.തിലകന്റെ അനന്തൻ നമ്പ്യാരും,ജനാർദ്ദനന്റെ കോവൈ വെങ്കടേശനും പിന്നെ ക്യാപ്റ്റൻ രാജുവിന്റെ പവനായിയും.സ്റ്റീരിയോടൈപ്പുകൾ തകർന്നു വീണൊരിടം കൂടിയാണ് എനിക്ക് നാടോടിക്കാറ്റ്.

Advertisements

പക്ഷേ വ്യക്തിപരമായി സത്യൻ അന്തിക്കാട് ഏറ്റവും മനോഹരമായി ആക്ടേഴ്സ് ടാബു ബ്രേക്ക് ചെയ്യുന്നത് പട്ടണപ്രവേശത്തിലെ പ്രഭാകരൻ തമ്പിയിലൂടെയാണെന്നാണ് എന്റെ പക്ഷം.തമ്പി!കരമന ജനാർദ്ദനൻ!!എന്തു സുന്ദരമായ പാത്രനിർമ്മിതിയും,പാത്രാവതരണവുമായിരുന്നത്!!!മഴവിൽക്കാവടിയിലും,പൊന്മുട്ടയിടുന്ന താറാവിലുമൊക്കെ നർമ്മം കലർന്ന കഥാപാത്രങ്ങളെ കരമന അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രഭാകരൻ തമ്പിയുടെ തട്ട് താണു തന്നെ നിൽക്കും.വളരെ വിചിത്രമായ ഒരു കഥാപരിസരത്താണ് തമ്പിയെന്ന കഥാപാത്രം നിലനിൽക്കുന്നതുതന്നെ.കള്ളക്കടത്തും,കൊലപാതകവും ഒരു ജീവിതചര്യയായി,ഒരു പ്രൊഫഷനായിത്തന്നെ കരുതുന്നയാളാണ് തമ്പി.പത്രത്തിൽ മയക്കുമരുന്ന് കടത്ത് പിടിച്ചതിനെപ്പറ്റിയുള്ള വാർത്ത വായിക്കുന്ന അയാൾ നെടുവീർപ്പിടുന്നത് “വന്നു വന്ന് കള്ളക്കടത്തുകാർക്ക് ജീവിക്കാൻ വയ്യ എന്ന സ്റ്റേജായിരിക്കുന്നു”എന്നു പറഞ്ഞാണ്.മറ്റേതൊരു ജീവനോപാധിയെപ്പോലെയാണ് കള്ളക്കടത്തിനെയും അയാൾ കാണുന്നത് എന്ന് അത്യന്തം സ്വാഭാവികമായ മോഡുലേഷനിലൂടെ കരമന കാണിച്ചുതരുന്നുണ്ട്.അതിലുമപ്പുറം ഇനി തമ്പിയുടെ മനോദണ്ഡം ന്യായമല്ലേ എന്നൊരു സംശയം പോലും കാണിയിൽ ജനിപ്പിക്കാൻ പര്യാപ്തമാണ് കരമനയുടെ നിഷ്കളങ്കമായ മോണോലോഗ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്രത്തിൽ വന്ന നമ്പ്യാരുടെ ജയിൽചാട്ടവാർത്ത തിലകനെ വായിച്ചു കേൾപ്പിക്കുന്ന സീൻ പ്രതിഭാശാലികളായ രണ്ട് സ്വഭാവനടന്മാർ അവരുടെ സേഫ് സോണിന് പുറത്തുനിന്ന് മത്സരിച്ച് കാഴ്ച്ചവെക്കുന്ന ഒരു ജുഗൽബന്ദിയാണ്.തിലകൻ നാടോടിക്കാറ്റിലെ തന്റെ ഹിലാരിയസ് ടോണിനെ അതേപടി പകർത്തുമ്പോൾ കരമന ഒട്ടും മോശമാക്കുന്നില്ല.”എന്തൊക്കെയുണ്ട് പ്രഭാകരാ വിശേഷങ്ങൾ?”എന്നു ചോദിക്കുന്ന തിലകൻ അതേ സ്വാഭാവികതയോടെ ആ ചോദ്യമവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് “കള്ളക്കടത്തും കൊലപാതകവുമൊക്കെ എങ്ങനെയുണ്ട്?”അതേ താളത്തിൽ കരമന മറുപടി കൊടുക്കുന്നു.”ആ,അങ്ങനെ നടന്നു പോകുന്നു”ഇതെപ്പോൾ കേൾക്കുമ്പോഴും എനിക്കു തോന്നും നമ്പ്യാരുടെയും,തമ്പിയുടെയും ജോലി മറ്റേതൊരു തൊഴിൽ പോലെ തന്നെയാണെന്ന്.താൻ ജയിലിലായിട്ടും തമ്പിയൊന്നു വന്നു കണ്ടില്ലല്ലോ എന്ന് പരിഭവിക്കുന്ന നമ്പ്യാരോട് കരമന താനന്ന് ഇടുക്കിയിൽ ‘കഞ്ചാവു തോട്ടത്തിന്റെ ‘പണിയിലായിരുന്നെന്നു പറയുന്ന ഒരു ടോണുണ്ട്.സാക്ഷാൽ തിലകനെ കരമന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുന്ന ഭാഗമാണത്.(പ്രഭാകരാ എന്ന വിളിയിലെ ഒരൊറ്റ വിറയൽ കൊണ്ട് തിലകൻ തിരിച്ചു വരുന്നുണ്ടെന്ന് മറക്കുന്നില്ല)

മോഹൻലാൽ കരമനയുടെ വീട്ടിലേക്ക് ആദ്യമായി വരുന്ന സീനും ഇതുപോലെ കരമന അനശ്വരമാക്കുന്നുണ്ട്.ലാലിന്റെ അസൂയാവഹമായ കോമഡി ടൈമിങ്ങിനെ സപ്ലിമെന്റ് ചെയ്യുന്നത് കരമനയുടെ ഭാവഹാവാദികളാണ്;പ്രത്യേകിച്ചും തിലകന്റെ പുതപ്പ് കൈയിൽ വെച്ചുകൊണ്ട് അയാൾ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ.ജെസ്റ്ററുകളും,മൂവ്മെൻറ്റുകളും മാത്രം വെച്ചുള്ള ഭാഗങ്ങളിൽ ലാലിനൊപ്പം തിളങ്ങുന്നുണ്ട് കരമനയും.കള്ളക്കടത്ത് വിജയിപ്പിക്കാൻ ഗുരുവായൂരപ്പനാണ് ആശ്രയം എന്ന് കരമന പറയുന്നിടത്ത് എത്ര ബലം പിടിച്ചിരുന്നാലും ചിരിച്ചുപോകും.

നാടോടിക്കാറ്റിൽ അനന്തൻ നമ്പ്യാർ പിടിക്കപ്പെടരുതേ എന്ന് ഇടക്കെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നൂറു മടങ്ങാഗ്രഹിച്ചിട്ടുണ്ട് പട്ടണപ്രവേശത്തിലെ പ്രഭാകരൻ തമ്പി രക്ഷപ്പെടണേ എന്ന്.എന്തുകൊണ്ടോ തമ്പി ഒരു പ്രതിനായകകഥാപാത്രമായി തോന്നിയിട്ടേയില്ല;അങ്ങേയറ്റം സങ്കീർണ്ണമായ പാത്രനിർമ്മിതിയെയും,പാത്രപരിചരണത്തേയും ഏറ്റവും ലഘുവായ പാത്രാവിഷ്കാരത്താൽ അനശ്വരമാക്കിയിരിക്കുന്നു കരമന ജനാർദ്ദനൻ നായർ എന്ന അത്ഭുതപ്രതിഭ.മക്കളില്ലാത്ത തമ്പിയ്ക്ക് അതൊക്കെയല്ലേ ഏക ആശ്വാസം എന്നയാളുടെ കള്ളക്കടത്തിനെപ്പോലും ലഘൂകരിക്കാൻ തോന്നാറുണ്ട്.

ഇന്ന് കരമനയുടെ ഇരുപത്തിമൂന്നാം ചരമവാർഷികമാണ്.ഓർമ്മപ്പൂക്കൾ

Hot Topics

Related Articles