മുംബൈ: പാക്കിസ്ഥാന് വേണ്ടി ചാര പ്രവർത്തി നടത്തിയ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിലെ ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ആശയ വിനിമയം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് എടിഎസ് അറിയിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ വാട്സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. ഇതിന്റെ തെളിവുകൾ എടിഎസിന് ലഭിച്ചു. പ്രദീപ് കുരുൽക്കർ എന്തൊക്കെ വിവരങ്ങൾ പാക് ഏജൻസിക്ക് വേണ്ടി ചോർത്തി നൽകിയെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എടിഎസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം പ്രദീപ് കുരുൽക്കറിനെ ഉപയോഗിക്കുക ആയിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്.
ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ. 1923 ലെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.