പത്തനംതിട്ട ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ ജില്ലാ സംഗമം ആശാതാരം 2023 ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ – വനിത – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. പൊതുജനാരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധ സേനയാണ് ആശാ പ്രവര്‍ത്തകര്‍. ജില്ലയില്‍ 920 വാര്‍ഡുകളിലായി 1000 പേര്‍ ഗ്രാമപ്രദേശങ്ങളിലും 41 പേര്‍ നഗര പ്രദേശങ്ങളിലും ആശാ പ്രവര്‍ത്തകരായി സേവനം ചെയ്യുന്നു.
മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിക്കുക, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് താഴെത്തട്ടില്‍ ഉള്ളവര്‍ക്ക് സേവനം ഉറപ്പാക്കുക തുടങ്ങി ആരോഗ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ആശാ പ്രവര്‍ത്തകര്‍ നടത്തുന്നത്.
ആശാ പ്രവര്‍ത്തകരിലെ കലാസാംസ്‌കാരിക അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കി സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ ജില്ലയിലെ 1041 ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പത്തനംതിട്ട നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ്പ് ജോസഫ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സേതുലക്ഷ്മി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കലാ മത്സരങ്ങളില്‍ വിജയികളാകുന്ന ആശാ പ്രവര്‍ത്തകര്‍ക്കുള്ള സമ്മാനദാനം വൈകിട്ട് 5.30ന് നടക്കും.