കൊച്ചി: ചില സിനിമകൾ കരാർ ലംഘിച്ച് ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ. സമരത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിടും. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. അതേസമയം സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 സിനിമയുടെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്നാണ് തിയറ്റര്‍ ഉടമകളുടെ ആക്ഷേപം. മെയ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ജൂണ്‍ 7 ന് ആണ്. അതായത് തിയറ്റര്‍ റിലീസിന്റെ 34-ാം ദിവസമാണ് ഒടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കും തന്നെ ചിത്രം അൻപത് കോടിയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം തിയേറ്റർ ഹൗസ്ഫുൾ ആയതും 2018 ന്റെ വരവോടെ ആയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി മാറി ചിത്രം.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയിലധികം ചിത്രം നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുലിമുരുകനെ മറികടന്നാണ് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന സ്ഥാനം ചിത്രം നേടിയെടുത്തത്.
മലയാളം പതിപ്പിന്റെ വിജയത്തിനു പിന്നാലെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ തെലുങ്ക് പതിപ്പിന് മികച്ച ഇനിഷ്യല്‍ ലഭിച്ചിരുന്നു.