കോട്ടയം : സിഗ്നൽ ലൈറ്റുകൾ കണ്ണടച്ച് കാവൽ നിൽക്കുന്ന ബേക്കർ ജംഗ്ഷനിൽ കഥകളി കളിച്ച് പൊലീസ് ഉദ്യോഗസ്ഥർ. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തപ്പോഴാണ് മഴയത്തും വെയിലത്തും പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്നത്. കോട്ടയത്തെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലാണ് ഈ കണ്ണു കെട്ടി കളി.
കോട്ടയം നഗരമധ്യത്തിൽ എം.സി റോഡും കോട്ടയം കുമരകം റോഡും അടക്കമുള്ള നാല് റോഡുകളിൽ നിന്നാണ് ബേക്കർ ജംഗ്ഷനിൽ വാഹനം എത്തുന്നത്. ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ട്രാഫിക്ക് ഐലൻഡിൽ തനിച്ച് നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. രാവിലെയും വൈകിട്ടും നൂറ് കണക്കിന് വിദ്യാർത്ഥികൾ എത്തുന്ന ഈ റോഡിൽ , ഗതാഗതം നിയന്ത്രിക്കുക എന്നത് അക്ഷരാർത്ഥത്തിൽ ഒരു ഭഗീരഥ പ്രയത്നം തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ കോട്ടയം നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഈ സിഗ്നൽ ലൈറ്റുകൾ ബേക്കർ ജംഗ്ഷനിലും ഉണ്ട്. എന്നാൽ , ഈ ലൈറ്റുകൾ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം പ്രവർത്തിച്ചിട്ടേയില്ല. ലക്ഷങ്ങൾ മുടക്കി ക്യാമറ സ്ഥാപിച്ച ശേഷം , ഇത് പ്രവർത്തിപ്പിക്കാത്തത് എന്തെന്ന ചോദ്യമാണ് ഉയരുന്നത്.