കണ്ണൂർ : മോൺസന്റെ പോക്സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കൂട്ടുപ്രതിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണത്തെ തള്ളി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ആരോപണത്തിന് പിറകിൽ സിപിഎം ആണെന്നും , മനസാ വാച തനിക്ക് പോക്സോ കേസുമായി ഒരു ബന്ധവുമില്ലെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പ്രതികരിച്ചു. ഇര നൽകാത്ത മൊഴി സിപിഎമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം.
ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ പീഡിപ്പിക്ക പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നുമാണ് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ഇന്ന് ആരോപിച്ചത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കുറ്റത്തിന് മോൻസൻ മാവുങ്കലിനെതിരെ ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ച എറണാകുളം പോക്സോ പ്രത്യേക കോടതിയുടെ നടപടി പരാമര്‍ശിച്ച ശേഷമാണ് കുറ്റകൃത്യത്തിൽ കെപിസിസി പ്രസിഡന്റിന്റെ പങ്കിനെ കുറിച്ച് എംവി ഗോവിന്ദൻ വിശദീകരിച്ചത്.
പീഡനം നടക്കുമ്പോൾ കെപിസിസി പ്രസിഡന്റ് മോൻസണ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്നു എന്നാണ് അതിജീവിതയുടെ മൊഴി. പത്രവാര്‍ത്തയുണ്ട്. ക്രൈം ബ്രാഞ്ചും ഇക്കാര്യം പറയുന്നു. പീഡനവിവരം അറിഞ്ഞിട്ടും ഇടപെടാത്തത് കുറ്റകൃത്യത്തിന് ഒത്താശ ചെയ്യലാണ്. ക്രൈംബ്രാഞ്ച് കെ സുധാകരനെതിരെ പുതിയ കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.