തിരുവനന്തപുരം : ലോകകപ്പ് വേദിയായില്ലെങ്കിലും വമ്പന്‍ ടീമുകളാണ് തിരുവനന്തപുരത്ത് സന്നാഹമത്സരം കളിക്കാനെത്തുന്നത്. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയ, കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ന്യൂസിലന്‍ഡ്, കരുത്തരായ ദക്ഷിണാഫ്രിക്ക, അയല്‍ക്കാരായ പാകിസ്ഥാന്‍, റാഷിദ് ഖാന്റെ അഫ്ഗാനിസ്ഥാന്‍, പിന്നെ ഇന്ത്യയുമാണ് സന്നാഹമത്സരം കളിക്കാന്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെത്തുന്ന ടീമുകള്‍.
നാല് മത്സരങ്ങള്‍ക്കാണ് തിരുവനന്തപുരം വേദിയാവുന്നത്. 29ന് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. സെപ്റ്റംബര്‍ 30ന് ഓസ്‌ട്രേലിയ പാകിസ്ഥാനെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക മത്സരവും തിരുവനന്തപുരത്താണ്. ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയുടെ മത്സരം. യോഗ്യതാ മത്സരം കളിച്ചെത്തുന്ന ടീമിനെതിരെയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും സന്നാഹമത്സരം. മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ തീരുമാനമായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളിയും ഒപ്പം അവസരവുമാണെന്ന് പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരം നടന്നപ്പോള്‍ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഇനിയുണ്ടാവില്ല. പരമാവധി കാണികളെ സ്റ്റേഡിയത്തിലെത്തിക്കാനാണ് ശ്രമമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. സന്നാഹമത്സരങ്ങള്‍ക്കുള്ള സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണികളും ഗ്രൗണ്ട് ഒരുക്കലും ഉടന്‍ തുടങ്ങുമെന്നും ജയേഷ് ജോര്‍ജ് സുചിപ്പിച്ചു. കൂടുതല്‍ കാണികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി ബിസിസിഐയുമായി ആലോചിച്ച് ടിക്കറ്റ് നിരക്കുകള്‍ തീരുമാനിക്കും.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മൈതാനത്തില്‍ ഏകദിന ലോകകപ്പ് മത്സരം അനുവദിക്കാത്തത് സ്റ്റേഡിയത്തിലെ പരിമിതി കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഐപി ബോക്സില്‍ ആവശ്യത്തിന് സീറ്റുകളില്ലാത്തത് തിരിച്ചടിയായി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന രണ്ട് ഐസിസി ടൂര്‍ണമെന്റുകളില്‍ വേദിക്കായി ശ്രമം തുടരും. തിരുവനന്തപുരത്തെ തഴഞ്ഞതല്ല, സന്നാഹമത്സരങ്ങള്‍ക്ക് അടക്കമുള്ള 12 വേദികളില്‍ ഒന്നായി പരിഗണിക്കുകയായിരുന്നു. വിഷയത്തില്‍ രാഷ്ട്രീയം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.