കോട്ടയം: പാമ്പുകൾ വില്ലന്മാരാണെന്നു കരുതി കല്ലും കമ്പും ഉപയോഗിച്ച് ആക്രമിച്ചില്ലാതാക്കണ്ട. ഇവർക്ക് സംരക്ഷണ കവചം ഒരുക്കാൻ വനം വകുപ്പുണ്ട്. മഴക്കാലമായതോടെ ജില്ലയിൽ അപകട ഭീതി ഉയർത്തി പല സ്ഥലങ്ങളിലും പാമ്പുകൾ എത്തുന്നുണ്ട്. ഇത്തരത്തിൽ എത്തുന്ന പാമ്പുകളെ പലരും അടിച്ചു കൊല്ലുകയാണ് പതിവ്. എന്നാൽ, ഇത്തരത്തിൽ പാമ്പുകളെ അടിച്ചു കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുന്നത് വനം വകുപ്പ് തന്നെയാണ്. മഴക്കാലത്ത് പാമ്പുകളെ സുരക്ഷിതമായി രക്ഷിക്കുന്നതിനുള്ള നടപടിയാണ് വനം വകുപ്പ് സ്നേക്ക് റെസ്ക്യൂ ടീം ഒരുക്കിയിരിക്കുന്നത്. വനം വകുപ്പിന്റെ സർപ്പ സംഘമാണ് ജില്ലയിൽ പാമ്പുകളുടെ സുരക്ഷ ഒരുക്കിയിരിക്കുന്നത്.
എരുമേലിയിൽ അജേഷും, പാലായിൽ ഷെഫിനും, വൈക്കത്ത് ശ്യാമും, മുണ്ടക്കയത്ത് സുധീഷും, പാലായിൽ ജോസഫും, കളത്തിപ്പടിയിൽ ലൈജുവും, തോട്ടയ്ക്കാട് സുഭാഷും, അയർക്കുന്നത്ത് അഖിലും, കാഞ്ഞിരപ്പള്ളിയിൽ ഷാരോണും, പുതുപ്പള്ളിയിൽ സുമനും, രാജേഷും, വാഴൂരിൽ അതുലും , ചങ്ങനാശേരിയിൽ വിപിൻ ദാസും, മണിമലയിൽ ശ്രീജിത്തും, ചങ്ങനാശേരിയിൽ ഉല്ലാസും, താഴത്തങ്ങാടിയിൽ ബിലാലും, ഈരാറ്റുപേട്ടയിൽ സിയാദും, വെള്ളൂരിൽ ആൽബിനും, വൈക്കത്ത് വിഷ്ണുവും, ഇല്ലിക്കലിൽ പ്രശോഭും, ശ്രീരാജും, ചെങ്ങളത്ത് അഭിനേഷും, കാഞ്ഞിരപ്പള്ളിയിൽ അജിത്തും, കടുത്തുരുത്തിയിൽ ജോമോനും, പാലായിൽ നിധിനും, തെങ്ങണയിൽ ഷെഫിനും പാമ്പുകളുടെ സംരക്ഷകരായി വനം വകുപ്പിനൊപ്പമുണ്ട്. ഇവരെല്ലാവരും പരിശീലനം നേടിയ സ്നേക്ക് റെസ്ക്യൂ ടീം അംഗങ്ങളാണ്.