ഹെല്‍ത് ഡെസ്ക്
പറമ്പില്‍ സുലഭമായി കാണുന്ന പല സസ്യങ്ങളെയും അവഗണിച്ച് മാര്‍ക്കറ്റിലെ വിഷം തളിച്ച പച്ചക്കറികള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് മലയാളികള്‍. പറമ്പില്‍ നമ്മള് അവഗണിക്കുന്ന പ്രധാന ഇനം പലതരം ഇല വര്‍ഗങ്ങളാണ്. പണ്ട് വേലിച്ചീരയും താളും തകരയും തഴുതാമയും കറിവച്ചിരുന്ന ആളുകള്‍ പോലും ഇന്ന് ഇവയെല്ലാം അവഗണിക്കുകയാണ്. പുതിയ തലമുറയ്ക്കാകട്ടെ, ഇതൊന്നും തിരിച്ചറിയാനും കഴിവില്ല. മാത്രമല്ല, ഗുണറിയാതെ കളയുടെ കൂട്ടത്തില്‍ പെടുത്തി പറിച്ചു കളയുന്നതാണ് പതിവ്. ഇത്തരത്തില്‍ ഒന്നാണ് ഷുഗര്‍ ചീര അഥവാ ചായാമന്‍സ എന്ന ചീര. മായന്‍ ചീ എന്നും മെക്സിക്കന്‍ ചീര എന്നുമെല്ലാം ഇത് അറിയപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ പ്രമേഹ രോഗികള്‍ക്ക് വളരെ ഗുണം ചെയ്യുന്നതാണ് ചായാമന്‍സ. സാധാരണ ചീര തോരന്‍ വയ്ക്കുന്നതു പോലെ ഇത് വച്ചു കഴിച്ചാല്‍ മതിയാകും. മാത്രമല്ല, ഇലകള്‍ ഉപയോഗിച്ച് ചായ വച്ചു കുടിയ്ക്കുന്നതും നല്ലതാണ്. ഇതിന്റെ നാലഞ്ച് ഇലകള്‍ ചെറുതായി അരിഞ്ഞ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചെറുചൂടില്‍ 20 മിനിറ്റ് തിളപ്പിച്ച് ഇത് പിന്നീട് ഊറ്റിയെടുത്ത് നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തു കുടിയ്ക്കാം.
ഇത് കപ്പയുടെ ഇലകള്‍ പോലെ അല്പം കട്ടുള്ളതിനാല്‍ അല്പനേരം ഉപ്പു വെളളത്തില്‍ ഇട്ടു വയ്ക്കാം. ശേഷം ഇത് നല്ലതുപോലെ വേവിയ്ക്കാം. ചുരുങ്ങിയത് പത്തു പതിനഞ്ചു മിനിറ്റെങ്കിലും വേവിയ്ക്കണം.പച്ചയ്ക്ക് കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. മണ്‍പാത്രത്തിലോ ഇരുമ്പിലോ പാചകം ചെയ്യാം. എല്ലാ ഇലക്കറികളേയും പോലെ ഇത് അയേണ്‍ സമ്പുഷ്ടമാണ്. ഹീമോഗ്ലോബിന്‍ ഉല്പാദനത്തിന് ഇത് സഹായിക്കുന്നു. രക്തോല്‍പാദനം മാത്രമല്ല, രക്തപ്രവാഹം ശരിയായി നടക്കാനും ഇതേറെ നല്ലതാണ്. വിളര്‍ച്ചയ്ക്കുള്ള ഉത്തമ പ്രതിവിധി. പ്രമേഹത്തിന് പുറമേ കൊളസ്ട്രോള്‍ നിയന്ത്രണത്തിനും ഇതിലൂടെ ഹൃദയാരോഗ്യത്തിനും ഇതേറെ നല്ലതു തന്നെയാണ്. ഇതു പോലെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഈ പ്രത്യേക ചീര ഇലകള്‍ ഏറെ ഗുണകരമാണ്.
വയറിന്റെ ആരോഗ്യത്തിന് ഗുണകരമാണ് ഈ മായന്‍ ചീര. ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. നല്ല ശോധന നല്കുന്നു. ഫൈബര്‍ സമ്പുഷ്ടമാണ് ഇത്. ഇത് ഗര്‍ഭിണികള്‍ക്കും ഏറെ നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് എല്ലിന്റെ വളര്‍ച്ചയ്ക്ക്് ഇത് നല്ലതാണ്. ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബ്ലോഫ്ളേവിന്‍ എന്നിവ ഇതിലുണ്ട്. തടി കുറയ്ക്കാനും ഇതു നല്ലതാണ്. ഇതുപോലെ എല്ലിനും പല്ലിനുമെല്ലാം ഗുണം നല്കാന് കഴിയുന്നത്ര കാല്‍സ്യം സമ്പുഷ്ടമാണ് ഈ ഇലകള്‍. എല്ലുകള്‍ക്കുള്ളിലെ മജ്ജ അഥവാ ബോണ്‍ മാരോ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.