ന്യൂഡൽഹി: കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനം. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ കർഷക സമരം തുടരാനാണ് യോഗത്തിൽ തീരുമാനം എടുത്തത്. അടുത്ത ചൊവ്വാഴ്ച ചേരുന്ന കർഷകരുടെ യോഗത്തിൽ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
കർഷകർക്കെതിരേ ചുമത്തിയ കേസുകൾ പിൻവലിക്കുക, മിനിമം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നൽകുക, കർഷക സമരത്തിനിടെ മരണപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നതുൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കിസാൻ സംയുക്ത മോർച്ച കത്തയച്ചിരുന്നു. ഈ ആവശ്യങ്ങളിൽ അനുകൂല തീരുമാനം എടുക്കുന്നതു വരെ ഉപരോധ സമരം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താങ്ങുവില സംബന്ധിച്ച് സർക്കാരുമായുള്ള ചർച്ചകൾക്കായി അഞ്ച് അംഗങ്ങളെ ഇന്നത്തെ യോഗം നിശ്ചയിച്ചു. ഇന്നത്തെ യോഗ തീരുമാനങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിക്കുമെന്ന് കർഷക സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. നാൽപ്പതോളം കർഷക സംഘടനകൾ ഉൾപ്പെടുന്നതാണ് സംയുക്ത കിസാൻ മോർച്ച. അതേസമയം പ്രധാന ആവശ്യം സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിൽ എതിർപ്പറിയിച്ചിട്ടുണ്ട്. സമര രീതി മാറ്റണമെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാൽ ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്നാണ് മറ്റ് വിഭാഗത്തിന്റെ പക്ഷം.