സ്പോർട്സ് ഡെസ്ക്ക് : റെക്കോര്‍ഡുകളില്‍ നിന്നും റെക്കോര്‍ഡുകളിലേക്കുള്ള ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയുടെ ജൈത്രയാത്ര തുടരുകയാണ്.കഴിഞ്ഞ ദിവസം ടെസ്റ്റ് കരിയറിലെ 29ാമത്തെ സെഞ്ച്വറിയും കുറിച്ചതോടെ ഓസ്ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനോടൊപ്പം എത്തിയിരിക്കുകയാണ് കിങ് കോലി. അദ്ദേഹത്തിന്റെ 500ാമത്തെ അന്താരാഷ്ട്ര മല്‍സരം കൂടിയായിരുന്നു ഇത്. തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നും ഇനിയുമൊരുപാട് റെക്കോര്‍ഡുകള്‍ കൂടി തകര്‍ക്കാനുള്ള ശേഷിയുണ്ടെന്നും കോലി കാണിച്ചു തരികയായിരുന്നു.
അടുത്ത സച്ചിന് ടെണ്ടുല്‍ക്കറെന്നായിരുന്നു കരിയറിന്റെ തുടക്കകാലത്തു കോലി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇതു ശരിവയ്ക്കുന്ന പ്രകടനങ്ങള്‍ പിന്നീട് കാഴ്ചവച്ച അദ്ദേഹം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി മാറുകയും ചെയ്തു. സച്ചിന്റെ പല റെക്കോര്‍ഡുകളും കോലി ഇതിനകം തകര്‍ത്തു കഴിഞ്ഞു. വൈകാതെ തന്നെ കൂടുതല്‍ റെക്കോര്‍ഡുകളും അദ്ദേഹം തട്ടിയെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.വിരമിക്കുന്നതിനു മുൻപ് കോലി പഴങ്കഥയാക്കാന്‍ സാധ്യതയുള്ള സച്ചിന്റെ നാലു വമ്പന്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാവുമെന്നു നമുക്കു നോക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് ആദ്യത്തേത്. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി സച്ചിന്റെ സമ്പാദ്യം 100 സെഞ്ച്വറികളാണ്. ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത ലോക റെക്കോര്ഡെന്നായിരുന്നു ഇതു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ കോലി ഇപ്പോള്‍ ആ നേട്ടത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്. 76ാം സെഞ്ച്വറിയായിരുന്നു വിന്ഡീസമായുള്ള ടെസ്റ്റില്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. അടുത്ത നാല്- അഞ്ച് വര്‍ഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാന്‍ സാധിച്ചാല്‍ കോലിക്കു 100 സെഞ്ച്വറികളെന്നത് അസാധ്യമായ കാര്യമല്ല. ഫിറ്റ്നസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു ആശങ്കകളൊന്നുമില്ല. ഫോം തുടര്‍ന്നു കൊണ്ടുപോവാനായാല്‍ കോലിക്കു തീര്‍ച്ചയായും സച്ചിന്റെ ലോക റെക്കോര്‍ഡ് തിരുത്താന്‍ കഴിയും.
ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി തകര്‍ക്കാനിടയുള്ള മറ്റൊന്ന്. നിലവില്‍ ടി20യില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കോലി ഒഴിച്ചുകൂടാനാവാത്ത താരമാണ്. ഏകദിനത്തില്‍ 49 സെഞ്ച്വറികളോടെയാണ് സച്ചിന് തലപ്പത്തുള്ളത്. 46 സെഞ്ച്വറികളോടെ കോലി കൈയെത്തുംദൂരത്തുണ്ട്. ഇനി നാലു സെഞ്ച്വറികള്‍ കൂടി തന്റെ പേരിലാക്കാനായാല് സച്ചിനെ പിന്തള്ളി അദ്ദേഹം പുതിയ ലോക റെക്കോര്‍ഡിന്റെ അവകാശിയായി മാറും.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡിനും കോലി ഭീഷണിയുയര്‍ത്തുന്നുണ്ട്. 265 ഇന്നിങ്സുകളില്‍ നിന്നും നിലവില്‍ 12,898 റണ്‍സ് അദ്ദേഹം സ്കോര്‍ ചെയ്തു കഴിഞ്ഞു. 321 ഇന്നിങ്സുകളായിരുന്നു 13,000 റണ്‍സെന്ന നാഴികക്കല്ലില്‍ എത്താന്‍ സച്ചിനു വേണ്ടി വന്നത്.എന്നാല്‍ കോലിയാവട്ടെ ഇനിയും 300 ഇന്നിങ്സുകള്‍ കൂടി കളിച്ചിട്ടില്ല. 13,000 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനു വേണ്ടത് 102 റണ്‍സ് മാത്രമാണ്. വെസ്റ്റ് ഇന്‍ഡീസുമായി ഈ മാസം നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്ബരയില്‍ തന്നെ സച്ചിന്റെ ഈ റെക്കോര്‍ഡ് കോലി തന്റെ പേരിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓസ്ട്രേലിയക്കെതിരേ ഏറ്റവുമധികം സെഞ്ച്വറികളടിച്ച ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി നോട്ടമിടുന്നുണ്ട്. ടെസ്റ്റ്, ഏകദിനം എന്നിവയിലായി കംഗാരുപ്പടയ്ക്കെതിരേ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്ബാദ്യം 20 സെഞ്ച്വറികളാണ്. ടെസ്റ്റില്‍ 11 സെഞ്ച്വറികള്‍ അടിച്ചെടുത്ത സച്ചിന് ഏകദിനത്തില്‍ ഒൻപതു സെഞ്ച്വറികളും നേടിയിട്ടുണ്ട്. സച്ചിനെപ്പോലെ കോലിക്കും വളരെ മികച്ച റെക്കോര്‍ഡാണ് ഓസ്ട്രലേിയക്കെതിരേയുള്ളത്.
16 സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം വാരിക്കൂട്ടിക്കഴിഞ്ഞു. ഇതില്‍ എട്ടെണ്ണം ടെസ്റ്റ് ഫോര്‍മാറ്റിലാണെങ്കില്‍ ശേഷിച്ച എട്ടെണ്ണം ഏകദിനത്തിലുമാണ്. അഞ്ചു സെഞ്ച്വറികള്‍ കൂടി വൈകാതെ അവര്‍ക്കെതിരേ നേടി കോലി പുതിയ റെക്കോര്‍ഡ് ഇടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2012 ൽ ആയിരുന്നു ഓസീസിനെതിരേ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി.