കോട്ടയം : കുടിയും , കിടപ്പും , അടിയും , പിടിയും അഴിഞ്ഞാട്ടവും ചേർന്നാൽ തിരുനക്കര നഗരസഭ കെട്ടിടത്തിന്റെ സാമൂഹ്യവിരുദ്ധ ശല്യം പൂർത്തിയായി. പൊളിച്ചിട്ടതിന് പിന്നാലെ തുറന്നിട്ട കെട്ടിടം നഗരസഭ കയ്യൊഴിഞ്ഞതോടെ ഏറ്റെടുത്തത് നഗരത്തിലെ സാമൂഹ്യവിരുദ്ധരാണ്. അന്തിക്ക് അര കുപ്പിയുമായി മൂന്നാം നിലയിൽ കയറിയാൽ പുലരും വരെ പൊടിപൊടിക്കുന്ന ആഘോഷമാണ്.
കോട്ടയം നഗരസഭ ബലക്ഷയം എന്ന് കണ്ടെത്തിയതിനെ തുടർന്ന്
പൊളിക്കാൻ നടപടി ആരംഭിച്ച തിരുനക്കര നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടമാണ് ഒരു രൂപപോലും വാടക നൽകാതെ നഗരത്തിലെ അഴിഞ്ഞാട്ടക്കാർ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ബലക്ഷയത്തിന് പേരിൽ പൊളിക്കാൻ ഇട്ട കെട്ടിടം കൃത്യമായി പരിപാലിക്കാത്തത് മൂലം ഇരുമ്പും തുരുമ്പും മുതൽ ഇഷ്ടിക കഷണം വരെ പെറുക്കി കള്ളടിച്ചു നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന അക്രമിസംഘം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭ കെട്ടിടം സാമൂഹ്യവിരുദ്ധർ താവളമാക്കിയത് അറിഞ്ഞു ജാഗ്രത ന്യൂസ് സംഘം കെട്ടിടത്തിനുള്ളിൽ കയറാൻ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. ടാക്സി സ്റ്റാൻഡിന് സമീപത്ത് കൂടിയുള്ള പടികളിലൂടെ മുകളിലേക്ക് കയറാൻ ജാഗ്രത ന്യൂസ് സംഘം എത്തിയപ്പോൾ ചോദ്യം ചെയ്യാൻ നിന്നത് നഗരസഭ ഉദ്യോഗസ്ഥർ ആയിരുന്നില്ല. എന്താണ് എങ്ങോട്ടാണ് എന്ന് ചോദിച്ചു തടഞ്ഞു നിർത്തിയത് നഗരത്തിൽ അലഞ്ഞു തിരിയുന്ന ഒരു സ്ത്രീയും പുരുഷനുമായിരുന്നു.
പടി കയറി മുകളിലേക്ക് ചെന്നപ്പോൾ അനന്തശയനത്തിൽ കിടക്കുന്നു മറ്റൊരാൾ.
നഗരം പോക്കറ്റിലാക്കി അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധ സംഘത്തിന്റെ നേർക്കാഴ്ചയാണ് മൂന്നാം നിലയിലുള്ള വരാന്തയിൽ കണ്ടത്. അടിച്ചുമാറ്റിയതിന്റെയും അടിച്ചു പൊട്ടിച്ചതിന്റെയും അവശിഷ്ടങ്ങളാണ് മൂന്നാം നിലയിലെ വരാന്തയിൽ ചിതറി കിടക്കുന്നത് കഴിഞ്ഞ നഗരസഭയുടെ നേർമുഖമാണ്. നഗരസഭയുടെ മൂന്നാം നിലയിലേക്കുള്ള പ്രവേശന കവാടം അടച്ചു കെട്ടാത്ത നഗരസഭയാണ്
ഇത്തരത്തിൽ സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാട്ടത്തിന് അവസരം ഉണ്ടാക്കിയത്. നഗരസഭ തെല്ലൊന്നു ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കിൽ കോടികൾ വിലയുള്ള നഗരസഭയുടെ വസ്തുക്കൾ സാമൂഹ്യവിരുദ്ധർ വിറ്റ് പുട്ട് അടിക്കുമായിരുന്നില്ല. കെട്ടിടം പൊളിക്കാനായി ബാക്കി ഉണ്ടാകണമെങ്കിൽ കൃത്യമായ ഇടപെടൽ കൂടിയേ തീരൂ.