ദില്ലി : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി ചോദിച്ച് വിചാരണക്കോടതി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്ത് നല്കി. സാക്ഷി വിസ്താരത്തിന് മൂന്ന് മാസം കൂടി വേണമെന്നും വിചാരണക്കോടതി ആവശ്യപ്പെട്ടു. ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കും.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിക്കുന്നത്. ജൂലായ് 31ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണം എന്നാണ് പ്രോസിക്യൂഷന് അറിയിച്ചിട്ടുള്ളത്. ഇതിലൊന്ന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റിന്റേതാണ്. ഇതിന് പുറമേ രണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൂടി വിസ്തരിക്കാനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിസ്താരം പൂര്‍ത്തിയാക്കാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസം കൂടി ആവശ്യമെന്നാണ് രേഖകളില്‍ നിന്ന് തനിക്ക് മനസ്സിലാകുന്നതെന്നും ജഡ്ജി ഹണി എം വര്‍ഗീസ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിഷ്കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ എല്ലാ ശ്രമങ്ങളും കോടതി നടത്തിയിട്ടുണ്ട്. എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എന്ന നിലയില്‍ ഭരണപരമായ മറ്റ് കര്‍ത്തവ്യങ്ങള്‍ കൂടി തനിക്ക് നിര്‍വഹിക്കേണ്ടതുണ്ട്.
സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍, എറണാകുളം ജില്ലയിലെ കൊമേഷ്യല്‍ അപ്പലേറ്റ് ഡിവിഷന് എന്നീ ഉത്തരവാദിത്തങ്ങളും ഈ കോടതിക്കുണ്ട്. ഇതിന് പുറമേ പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി കൂടിയാണ് തന്റേതെന്നും കത്തില്‍ പറയുന്നുണ്ട്.
ഈ കേസിലെ വിസ്താരം പൂര്‍ത്തിയാക്കിയാലും വിധിയെഴുതാന്‍ സമയം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എട്ട് മാസത്തെ സമയം കൂടി തേടുന്നതെന്നും കത്തില്‍ ജഡ്ജി ഹണി എം വര്‍ഗീസ് പറയുന്നു.
അതേ സമയം, നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുക ആണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്.