പത്തനംതിട്ട :
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാന് സഹായകമാകുന്ന അന്തരീക്ഷം ഓരോ അമ്മയ്ക്കും സമൂഹത്തില്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട സിവില്‍ സ്റ്റേഷന് വനിതാ ജീവനക്കാര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. പ്രസവം വരെ മാത്രം സ്ത്രീക്കും പ്രസവശേഷം കുഞ്ഞിനും പ്രാധാന്യം നല്കുന്ന ഒരു പ്രവണത ചില കുടുംബങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തോടൊപ്പം അമ്മയുടെ ആരോഗ്യവും ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തണം.
മുലപ്പാല്‍ കൊടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചപ്പാട് ഉണ്ടാകണം. തൊഴിലിടങ്ങളിലായാലും സമൂഹത്തില്‍ ആയാലും മുലപ്പാല്‍ കൊടുക്കുക എന്നത് ഏറ്റവും അഭിമാനപൂര്‍വം ചെയ്യേണ്ട പ്രവര്‍ത്തിയാണെന്നും കളക്ടര്‍ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ സമ്പൂര്‍ണ വാക്സിനേഷന് യജ്ഞമായ മിഷന് ഇന്ദ്രധനുഷിന്റെ പോസ്റ്റര്‍ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആര്.കെ.എസ്.കെ സംസ്ഥാന പരിശീലകനും സിഎച്ച്സി കാഞ്ഞീറ്റുക്കര ശിശുരോഗ വിദഗ്ധനുമായ ഡോ. ബിബിന്‍ സാജന് ക്ലാസ് നയിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുമാരായ ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ്പ് ജോസഫ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ ശ്യാംകുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സേതുലക്ഷ്മി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.