പത്തനംതിട്ട :
സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല’ പദ്ധതിയുടെ ഒന്നാം ഘട്ടം ആഗസ്റ്റ് 31-നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രഡിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ഒന്നാം ഘട്ടം പൂര്‍ത്തീകരണത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചു. ഒരു വാര്‍ഡില്‍ കുറഞ്ഞത് രണ്ട് ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍ ഉണ്ടാകണം.
ഹരിതമിത്രം ആപ്പ് മുഖേന ഗ്രാമപഞ്ചായത്തിലും നഗരസഭയിലും 50 ശതമാനം എന്റോള്‍മെന്റ് നടന്നിട്ടുണ്ടെന്നും ക്ലീന്‍ കേരള കമ്പനിക്ക് പാഴ്വസ്തുക്കള് കൈമാറുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. മിനി എംസിഎഫുകള്‍ എല്ലാ വാര്‍ഡിലും നിലവിലുണ്ടെന്നും, മാലിന്യ ശേഖരണ സംവിധാന(എംസിഎഫ്) ങ്ങള് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. വീടുകളിലും സ്ഥാപനങ്ങളിലും സോക്പിറ്റുകള്‍, ശൗചാലയങ്ങള്‍, ബയോ കമ്പോസ്റ്റ്, ബയോഗ്യാസ്, പൊതുവിടങ്ങളില്‍ ശൗചാലയങ്ങള്‍ എന്നിവ സ്ഥാപിക്കാനുള്ള പ്രൊജക്റ്റ് ഏറ്റെടുത്ത് നടപടികള്‍ ആരംഭിക്കണം. പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്കാന് ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ശുചിത്വ കൗണ്‍സില്‍ തദ്ദേശതലത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക് നാടിനെ നയിക്കാന്‍ ആഹ്വാനം ചെയ്യുന്ന ബോര്‍ഡ്, ബാനര്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് പ്രവര്‍ത്തനം പരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്കാന് ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നിരീക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണം. ശുചിത്വവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള പത്ത് നിബന്ധനകളും പാലിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച നിബന്ധനകള്‍ പാലിക്കുന്നുണ്ട് എന്ന് പരിശോധിക്കാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം. പൊതുവിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നും ആസൂത്രണ സമിതി നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ. എസ് മായ, ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധ്യക്ഷര്‍, സെക്രട്ടറിമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.