കോട്ടയം: തനിക്കെതിരായി ഉയർന്നു വന്ന സ്വത്തുമായി ബന്ധപ്പെട്ട വിഷയം വ്യക്തി അധിക്ഷേപമെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.
തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്. കോൺഗ്രസ് സൈബർ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു.
അതേ സമയം, കോട്ടയം കളക്ടറേറ്റിൽ വരണാധികാരിയായ ആർഡിഒ മുൻപാകെ രാവിലെ 11 മണിക്ക് ജെയ്ക് ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയിൽ എത്തും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലാണ് ബിജെപി സ്ഥാനാർത്ഥി. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്.