ശബരിമലയില്‍ തിരക്ക് കൂടിയിട്ടും താല്ക്കാലിക ജീവനക്കാരെ നിയമിക്കാതെ ബോര്‍ഡ്; അപ്പം, അരവണ പ്രസാദങ്ങളുടെ കരുതല്‍ ശേഖരവുമില്ല; ഒരുക്കങ്ങള്‍ താളം തെറ്റുന്നു

ശബരിമല: തീര്‍ഥാടകരുടെ തിരക്കേറിയിട്ടും ആവശ്യത്തിനു താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാതെ ദേവസ്വം ബോര്‍ഡ്. രണ്ടാഴ്ചയായി സന്നിധാനത്ത് ഭക്തരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനുമായി നാലു മണിക്കൂര്‍വരെ കാത്തുനില്‍ക്കേണ്ടി വരുന്നു. മഴ പെയ്താല്‍ കയറി നില്‍ക്കാന്‍ റോഡില്‍ ഒരിടത്തും സൗകര്യമില്ല. നീലിമല പാതയില്‍ നടപ്പന്തല്‍ ഉള്ളതിനാല്‍ മഴ പെയ്താല്‍ കയറി നില്‍ക്കാന്‍ സൗകര്യം ഉണ്ട്. എന്നാല്‍ നീലിമല പാത തിരക്ക് കൂടിയിട്ടും തുറന്നു കൊടുത്തിട്ടില്ല. പരമ്പരാഗത കാനന പാത തുറന്നു നല്‍കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും സംയുക്ത യോഗത്തില്‍ തീരുമാനം എടുക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാനന പാത തുറന്നു നല്‍കണമെന്നു സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇക്കാര്യം സജീവ പരിഗണനയിലാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

Advertisements

തിരക്കിന് അനുസരിച്ച് അപ്പം, അരവണ വഴിപാട് പ്രസാദങ്ങളുടെ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡിനു കഴിയുന്നില്ല. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ശുചിമുറികള്‍ തുറന്നു കൊടുത്തെങ്കിലും വൃത്തിയാക്കാന്‍ ജീവനക്കാരില്ല. അതേസമയം, ശബരിമലയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും നിയോഗിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമല തീര്‍ഥാടകര്‍ക്കു മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്.

Hot Topics

Related Articles