കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
നടിയെ ആക്രമിച്ച കേസിൽ കോടതി കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ അപകീർത്തികരമായ ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് ദിലീപ് വാദം മാറ്റിവെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കേസിൽ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശം. സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടർമാരെ ഒഴിവാക്കിയും വിചാരണ ഒരു വർഷം തടസപ്പെടുത്തി. ഹർജിയിൽ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസിൽ എഫ്എസ്എൽ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീൽഡ് കവറിൽ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.
കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാൽ ഹർജിയെ ദിലീപ് ശക്തമായി എതിർത്തിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഹർജിക്കാരിയുടെ ശ്രമം എന്നാണ് ദിലീപിന്റെ വാദം. ഈ നീക്കത്തെ പ്രോസിക്യൂഷൻ പിന്തുണയ്ക്കുകയാണെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്നാണ് ജസ്റ്റിസ് കെ. ബാബു ആരാഞ്ഞത്.
വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും ദിലീപിന്റെ മറുപടി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് സർക്കാർ നിലപാട്.