ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ ദളിത് വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിച്ച പന്ത്രണ്ട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി റിപ്പോർട്ട്. ഓപ്പൺ ഹൗസിൽ ഡയറക്ടറാണ് ഉറപ്പ് നൽകിയത്.
ഗണിത ശാസ്ത്ര വിഭാഗത്തിൽ ഘടന മാറ്റം, ഗ്രേഡിംഗ് രീതിയിലെ അപകാത ഒഴിവാക്കൽ, വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, പിന്നാക്ക വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വർധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് അംഗീകരിക്കാമെന്ന് ഉറപ്പ് നൽകിയത്.
ഇന്ന് എല്ലാ പഠന വകുപ്പുകളിലും ഇത് സംബന്ധിച്ച് ചർച്ച നടത്താനും തീരുമാനമായി. വിഷയത്തിൽ അന്തിമ തീരുമാനമായില്ലെങ്കിൽ പഠനം മുടക്കി സമരം നടത്താനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21കാരനായ അനില്‍ കുമാറിനെയായിരുന്നു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.