തിരുവനന്തപുരം: മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട്മുകൾ അശ്വതി ഭവനിൽ അനീഷിന്റെയും അശ്വതിയുടെയും മകൻ അനിരുദ്ധ് ആണ് മരിച്ചത്. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് വയസ്സുകാരൻ ഇന്ന് രാവിലെയാണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ഉത്രാടദിനത്തിൽ അനീഷും കുടുംബവും ഗോവയിൽ പോയിരുന്നു. അതിന് ശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ച് രക്തപരിശോധന അടക്കം നടത്തിയിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടില്ല എന്നാണ് പറയുന്നത്. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടിയെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വീട്ടിലെത്തിയ കുട്ടി വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിക്കുന്നത്. ഭക്ഷ്യവിഷബാധയെറ്റാണ് മരണം എന്നത് അടക്കമുള്ള പരാതി പൊലീസിൽ നൽകിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മലയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.