ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ കൊവിഡ് 19 വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ബൂസ്റ്റര്‍ ഡോസ് എടുത്ത രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്. 24 കാരിയിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയാണ് ഇവര്‍.ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ ആളാണ് വൈറസ് ബാധിച്ച രണ്ടാമത്തെ വ്യക്തി.
വാക്സിനെടുത്തവര്‍ മാത്രം യാത്ര ചെയ്ത വിമാനത്തിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇരുവര്‍ക്കും വാക്‌സിനുകളുടെ മൂന്നാം ഡോസ് ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇരുവരും സുഖം പ്രാപിച്ചുവരികയാണെന്നും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ 10 ദിവസത്തെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കൊവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ഐസിഎംആര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പത് മാസത്തിന് ശേഷം അടുത്ത ഡോസ് നല്‍കണം എന്ന് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം. ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാളെ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാകുമെന്നാണ് വെള്ളിയാഴ്ചയും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ആവര്‍ത്തിച്ചത്. ലോക്‌സഭയില്‍ എന്‍ കെ പ്രമേചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്‌സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികള്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിട്ടില്ല എന്നാണ് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.
രണ്ട് ഡോസ് എടുത്താല്‍ മാത്രം കൊവിഡിനെ നിയന്ത്രിക്കാനാകില്ലെന്നും അതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും ഫൈസര്‍, ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും വൈറസ് ബാധിക്കുന്നത് കൂടുതല്‍ ആശങ്ക പടര്‍ത്തുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.