തിരുവനന്തപുരം : സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയില്‍ കെ.ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കണ്ടെത്തലിനു പിറകെയാണ് ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയമായുള്ള ആക്രമണം കടുപ്പിക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 19ന് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തും.
സോളാര്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇതിനാല്‍ ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. മറുവശത്ത് ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയും ചെയ്യും.
ഉമ്മൻ ചാണ്ടിയെ കേസില്‍ കുടുക്കാൻ കെ.ബി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഗണേഷ് കുമാര്‍, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മൻ ചാണ്ടിയെ കേസില്‍ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.