കോട്ടയം: പൃഥ്വിരാജ് ചിത്രം കടുവയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് തൃശൂരില്‍ നിന്നു കൊണ്ടുവന്ന ജയില്‍ ചപ്പാത്തി വഴിയാണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമില്‍ താമസിച്ച 9 യുവാക്കളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്നു വ്യാഴാഴ്ച വൈകിട്ട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി ചികിത്സാ രേഖകള്‍ പരിശോധിക്കുകയും ഇവര്‍ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ കഴിച്ച ചപ്പാത്തിയുടെ കവര്‍ കണ്ടെടുത്തത്. ഇവരെ എത്തിച്ച കോഓര്‍ഡിനേറ്റര്‍മാരുടെ മൊഴി പ്രകാരം തൃശൂരില്‍ നിന്ന് കൊണ്ടുവന്ന ജയില്‍ ചപ്പാത്തി ആണ് ഇവര്‍ക്ക് എത്തിച്ച് നല്‍കിയതെന്നു കണ്ടെത്തി.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും മോശം ഭക്ഷണമാണ് സെറ്റില്‍ വിതരണം ചെയ്തതെന്നും ചൂണ്ടിക്കാട്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഇന്നലെ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ച രഞ്ജിത്ത് ചിറ്റിലപ്പള്ളിക്കെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. 500 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ച ശേഷം 350 രൂപ മാത്രമാണ് നല്‍കുന്നതെന്നും പഴകിയ ഭക്ഷണമാണ് വിതരണം ചെയ്തതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞു. നിര്‍മ്മിതാവിന്റെ കയ്യില്‍ നിന്നും പണം കൈപ്പറ്റിയശേഷം തങ്ങളെ കബളിപ്പിക്കുകയാണെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വ്യക്തമാക്കി. എന്നാല്‍ രഞ്ജിത്ത് ചിറ്റിലപ്പള്ളി ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഭക്ഷ്യവിഷബാധയെ സംബന്ധിച്ച് തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ആരോഗ്യനില തൃപ്തികരമായതോടെ ഇവര്‍ രാത്രി ആശുപത്രി വിട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കടുവ. ഇന്നലെ ചിത്രത്തിന് സേറ്റേ ലഭിച്ചിരുന്നു. എറണാകുളം സബ് കോടതിയാണ് ചിത്രത്തിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയത്.കുരുവിനാല്‍കുന്നില്‍ കുറുവച്ചന് നല്കിയ ഹരജിയിലാണ് ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. കുറുവച്ചന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. എന്നാല്‍ ചിത്രം തനിക്ക് മാനസിക വിഷമതകള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കുറുവച്ചന് ഹരജി നല്‍കിയത്.സിനിമയുടെ നിര്‍മാതാക്കളായ സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രമായിരുന്നു കടുവ.