സ്പോർട്സ് ഡെസ്ക്ക് : ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര എന്നിവയില്‍ എല്ലാം ചേര്‍ന്ന് ഏകദേശം മുപ്പതോളം താരങ്ങളെയാണ് ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത്.എന്നാല്‍ ഈ മുപ്പത് താരങ്ങളില്‍ ഒരാളാകാന്‍ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടില്ല. ഇതിനെ മനപ്പൂര്‍വ്വമുള്ള ഒഴിവാക്കലെന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിസിസിഐയുടെ നെറികേടിന്റെ ഇരയാണ് സഞ്ജു. ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശമായി കളിക്കുന്നവര്‍ക്ക് ടീമില്‍ സ്ഥാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യക്കായി ഏകദിനങ്ങള്‍ കളിച്ച താരങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ആദ്യ പത്തില്‍ ഉറപ്പായും ഉണ്ടാകുന്ന സഞ്ജു പുറത്ത്.
ഇന്ത്യക്ക് വേണ്ടി ഒരൊറ്റ ഏകദിനം മാത്രം കളിച്ച തിലക് വര്‍മ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ട്. ഏഷ്യാ കപ്പിലും താരത്തിനു ടീമില്‍ സ്ഥാനമുണ്ടായിരുന്നു. ഒരു ഇന്നിങ്സില്‍ നിന്ന് വെറും അഞ്ച് റണ്‍സാണ് തിലക് വര്‍മയുടെ സാമ്പാദ്യം എന്ന് ഓര്‍ക്കണം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്ക്വാദ് ഇതുവരെ കളിച്ചിരിക്കുന്നത് രണ്ട് ഏകദിനങ്ങള്‍ മാത്രം. രണ്ട് ഇന്നിങ്സുകളില്‍ നിന്ന് 27 റണ്‍സ് മാത്രമാണ് ഗെയ്ക്വാദ് നേടിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
27 ഏകദിനങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ് നേടിയിരിക്കുന്നത് 24.40 ശരാശരിയില്‍ വെറും 537 റണ്‍സാണ്. ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയമാണ് സൂര്യ. ഇതുവരെ നേടിയിരിക്കുന്നത് വെറും രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം. എന്നിട്ടും സൂര്യക്ക് വാരിക്കോരി അവസരങ്ങള്‍ നല്‍കുകയാണ് ബിസിസിഐ. തുടരെ തുടരെ ഏകദിനങ്ങളില്‍ ചെറിയ സ്കോറില്‍ പുറത്താകുന്ന സൂര്യയെ എക്സ് ഫാക്ടര്‍ എന്നാണ് സെലക്ടര്‍മാര്‍ ഇപ്പോഴും വിശേഷിപ്പിക്കുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത ജിതേഷ് ശര്‍മയാണ്. ഐപിഎല്ലിലെ പ്രകടനം കണക്കിലെടുത്താണ് ജിതേഷ് ശര്‍മയ്ക്ക് അവസരം നല്‍കിയിരിക്കുന്നത്. ഐപിഎല്ലില്‍ 25.9 ശരാശരിയില്‍ ജിതേഷ് ശര്‍മ നേടിയിരിക്കുന്നത് 543 റണ്‍സാണ്. സഞ്ജു ആകട്ടെ 29.2 ശരാശരിയില്‍ 3888 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.
ഇനി ഏകദിനത്തിലെ സഞ്ജുവിന്റെ കണക്കുകള്‍ പരിശോധിക്കാം. 13 ഏകദിനങ്ങളാണ് സഞ്ജു ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. സഞ്ജുവിന് ശേഷം എത്തിയ സൂര്യകുമാര്‍ യാദവിന് പോലും ഇതിനേക്കാള്‍ കൂടുതല്‍ അവസരം ലഭിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 12 ഇന്നിങ്സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചു. സ്ട്രൈക്ക് റേറ്റ് 104.0 ആണ്. ഗ്രൗണ്ടില്‍ ഇത്രയൊക്കെ ചെയ്തു കാണിച്ചിട്ടും ബിസിസിഐ സഞ്ജുവിനോടുള്ള അവഗണന തുടരുകയാണ്.