വാളയാര്‍: കുനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശ്ശൂര്‍ പൊന്നൂക്കരയില്‍ എത്തിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടു വന്നത്. സ്കൂളില്‍ ഒരു മണിക്കൂറോളം നേരം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും.
കേന്ദ്രമന്ത്രി വി മുരളീധരന്, മന്ത്രിമാരായ കെ രാധാകൃഷ്ണന്, കെ കൃഷ്ണന്‍കുട്ടി, കെ രാജന് തുടങ്ങിയവര്‍ സ്കൂളിലെത്തി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഉച്ചയോടെ റോഡുമാര്‍ഗം കോയമ്പത്തൂരില്‍ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണന്, കെ. രാജന്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജന് പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന പിതാവിനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപുണ്ടായിരുന്നു. അന്നു സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. 6 മാസം മുൻപാണു കോയമ്പത്തൂർ സൂലൂരിലെത്തിയത്.