കോഴാ : പതിറ്റാണ്ടുകൾക്ക് മുമ്പ് രാജഭരണകാലത്ത് ടൂറിസ്റ്റുബംഗ്ളാവ് ഉണ്ടായിരുന്ന നാട്ടിൽ കെ.എം. മാണി സ്മാരക ‘തണൽ’ വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണത്തിന് ശിലാസ്ഥാപനം നടന്നു. കെ.എം. മാണിയുടെ സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച സെന്റ് മേരീസ് ബോയ്സ് സ്കൂൾ സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽതന്നെ കെ.എം. മാണിയുടെ സ്മരണനിലനിർത്താനാകുന്ന വിശ്രമകേന്ദ്രമൊരുങ്ങുന്നുവെന്നതാണ് നാടിൻറെ മഹിമ.
ഒന്നാംനമ്പർ സംസ്ഥാന ഹൈവേയായ എംസി റോഡിനോട് ചേർന്ന്, കോഴായിൽ യാത്രക്കാർക്കും സയൻസ് സിറ്റി സന്ദർശനത്തിനുമെത്തുന്നവർക്കു വിശ്രമത്തിനും താമസത്തിനും പുതിയ അവസരമാണ് നാട്ടിൽ ഒരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ടേക് – എ - ബ്രേക്ക്” പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ കോട്ടയം ജില്ലാപഞ്ചായത്ത് വകയിരുത്തിയ 1.7 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 30 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്.
ആധുനിക നിലവാരത്തിലുള്ള ശുചിത്വസമുച്ചയം, കഫ്റ്റീരിയ, ഹോട്ടൽ സമുച്ചയം, കോൺഫറൻസ് ഹാൾ, വിശ്രമമുറി എന്നിവയാണ് പുതിയ കെട്ടിടസമുച്ചയത്തിലുണ്ടാകുക. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 36 ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്കായി പ്രത്യേക വിശ്രമമുറിയും നിർമ്മിക്കുന്നുണ്ട്. നിർമ്മാണപ്രവർത്തനങ്ങൾ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി. കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, പഞ്ചായത്തംഗം സന്ധ്യ സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.