ന്യൂഡല്‍ഹി: അധികമാരും കേട്ടിട്ടില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുള്ളയാളാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിചിത്രമായ ഉച്ചരാണങ്ങളും സ്പെല്ലിംഗുകളും കൊണ്ട് സങ്കീര്‍ണതയുളള ആ വാക്കുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. അത്തരമൊരു വാക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ഇന്ന് തരൂര്‍. വാക്ക് പരിചയപ്പെടുത്തിയതിനൊപ്പം ബി ജെ പി ഭരണത്തെ കുത്താനുള്ള ആയുധവുമാക്കി അദ്ദേഹം.
Allodoxaphobia എന്ന വാക്കാണ് ശശി തരൂര്‍ പരിചയപ്പെടുത്തിയത്. അഭിപ്രായപ്രകടനങ്ങളോടുള്ള അകാരണ ഭയം എന്നാണ് ഇതിന്റെ അര്‍ഥം. ഇന്നത്തെ വാക്കല്ല ഇതെന്നും മറിച്ച് കഴിഞ്ഞ ഏഴ് വര്‍ഷത്തെ സംബന്ധിച്ചിടത്തോളം പ്രധാനമുള്ള വാക്കാണെന്നും, നരേന്ദ്ര മോദി ഭരണ കാലയളവിനെ സൂചിപ്പിച്ച് അദ്ദേഹം കുറിച്ചു. യു പിയിലെ ബി ജെ പി ഭരണകൂട നേതൃത്വം Allodoxaphobia അനുഭവിക്കുന്നത് കാരണം ആളുകള്‍ക്കെതിരെ യു പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റവും യു പി പി എയും ചുമത്തുന്നു എന്നായിരുന്നു ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത്.