പനച്ചിക്കാട് : അക്രമാസക്തനായ അതിഥി തൊഴിലാളി കുഴിമറ്റത്തെ നാട്ടുകാരെയും സ്കൂൾ കുട്ടികളെയും വിറപ്പിച്ചത് ഒരു മണിക്കൂറിലധികം . ഒടുവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ അക്രമിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു . വ്യാഴാഴ്ച (ഒക്ടോബർ 5 ) വൈകുന്നേരം നാലരയോടു കൂടിയാണ് സദനം സ്കൂളിനു സമീപം തുണ്ടിപ്പറമ്പ് ഭാഗത്ത് ഇരുപത്തിയഞ്ച് വയസ് തോന്നിക്കുന്ന ഇയാളെ കണ്ടെത്തിയത് . വലിയ കല്ലുകൾ എടുത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന യുവാവിന്റെ ഏറിൽ നിന്നും പലരും രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ് . പത്തോളം വീടുകളിൽ ഓടിക്കയറിയത് സ്ത്രീകളെ ഉൾപ്പെടെ ഭീതിയിലാക്കി.
പിന്നീട് വലിയ കമ്പുമായി അക്രമ സ്വഭാവം കാണിച്ച യുവാവ് പെൺകുട്ടികൾ ഉൾപ്പെടെ എഴുപതോളം വിദ്യാർത്ഥികൾ എൻ സി സി പരേഡ് നടത്തിക്കൊണ്ടിരുന്ന സദനം സ്കൂളിലേയ്ക് ഓടിക്കയറിയത് എല്ലാവരെയും പരിഭ്രാന്തിയിലാക്കുകയും ചെയ്തു . ആളുകൾ പിന്നാലെയെത്തിയപ്പോൾ സ്കൂളിന്റെ മതിൽ ചാടിക്കടന്ന് ഓടി . വീടുകളുടെ വലിയ മതിലുകൾ ചാടിക്കടന്ന് ഇടവഴികളിലൂടെയും പുരയിടങ്ങളിലൂടെയും ഓടിയ യുവാവിനെ സമീപത്തെ ഒരു വീട്ടുമുറ്റത്ത് വച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പിന്നാലെയെത്തി കീഴ്പ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നാട്ടുകാർ ചേർന്ന് യുവാവിന്റെ കൈയിലുണ്ടായിരുന്ന വലിയ കമ്പ് പിടിച്ചുവാങ്ങി . പിന്നീട് ചിങ്ങവനം പോലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോയി . റബർകമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അതിഥി തൊഴിലാളി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് രണ്ടു മാസം മുൻപ് പനച്ചിക്കാട് പഞ്ചായത്തിലെ തന്നെ പൂവൻതുരുത്തിലെ ഒരു വ്യവസായ യൂണിറ്റിലാണ് .