കോട്ടയം : സംസ്ഥാനത്ത് വിവിധതരം സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വൻ വര്‍ധനയുണ്ടായതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ സൈബര്‍ ആക്രമണങ്ങളും വര്‍ധിച്ചു. പല സൈബര്‍ തട്ടിപ്പുകളും കണ്ടെത്തി പിടികൂടാൻ പരിമിതിയുണ്ടെന്നും ഇവയില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ രാജ്യത്തിന് പുറത്തുള്ളവരാണെന്നും അവര്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ മാറ്റം വരുന്നതായി പൊലീസ് പറഞ്ഞു. മുൻപ് മോര്‍ഫിങ് ഉള്‍പ്പെടെയുള്ള കേസുകളായിരുന്നെങ്കില്‍ ഇപ്പോള്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത്തരം തട്ടിപ്പുകളുടെ വ്യാപ്തി വ്യക്തമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2016 ല്‍ 283 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് ഈവര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 960 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ’17 ല്‍ 320 ഉം ’18 ല്‍ 340 ഉം ’19 ല്‍ 307 ഉം 2020 ല്‍ 426 ഉം ’21 ല്‍ 626 ഉം ’22 ല്‍ 815 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
2020 മുതല്‍ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ സൈബര്‍ തട്ടിപ്പുകളുടെ രൂക്ഷത വ്യക്തമാകും. സൈബര്‍ തട്ടിപ്പുകള്‍ക്ക് വിധേയരാകുന്നവരുടെ എണ്ണം നിരവധിയാണെങ്കിലും പലരും മാനഹാനി ഭയന്ന് പരാതി നല്‍കുന്നില്ലെന്നും പൊലീസ് പറയുന്നു.
ഓണ്‍ലൈൻ വഞ്ചന, അശ്ലീല വിഡിയോ നിര്‍മാണം, ഹാക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസുകള്‍ ഏറെയും. ഈയിടെയായി സാമ്പത്തിക തട്ടിപ്പുകളിലും കാര്യമായ വര്‍ധന വന്നതായി പൊലീസ് പറയുന്നു. ഗുരുതരവും സംഘടിതവുമായ സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്താനായി 2006 മുതല്‍ ഹൈ-ടെക് ക്രൈം എൻക്വയറി സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതുവഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. എന്നാല്‍, അതിലും പരിമിതിയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സമ്മതിക്കുന്നു. ലോണ്‍ ആപ് തട്ടിപ്പുകളില്‍ കാര്യമായ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ആപ്പുകള്‍ പൂര്‍ണമായും നിരോധിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.