തൃശൂര്‍: കരുവന്നൂരില്‍ നടനും ബി.ജെ.പി പ്രവർത്തകനുമായ സുരേഷ് ഗോപി നടത്തിയ പദയാത്രക്കെതിരെ കേസ് എടുത്ത നടപടി രാഷ്ടീയ പകപോക്കലെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍. ‘സുരേഷ് ഗോപി ഉള്‍പ്പെടെ 500 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സമാധാനപരമായി നടന്നൊരു പദയാത്രയ്ക്കെതിരെ കേസ് എടുക്കുന്നത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
സുരേഷ് ഗോപി ബാങ്ക് കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികള്‍ക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിലെന്ന് അനീഷ് കുമാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തില്‍ സുരേഷ് ഗോപിയെയും മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. എന്തൊക്കെ പ്രതികാര നടപടികള്‍ സ്വീകരിച്ചാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും രാജ്യത്തൊരിടത്തും ഒരു പൊലീസും കേസ് എടുത്തിട്ടില്ല. സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടികള്‍ മൂലം വലിയ ഗതാഗത തടസമുണ്ടായിട്ടും ഒരു കേസും ഉണ്ടായിട്ടില്ല.’ പൊലീസിന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയെ രാഷ്ട്രീയമായി നേരിടുമെന്നും അനീഷ് കുമാര്‍ പറഞ്ഞു.
പദയാത്ര നടത്തി വാഹന തടസം സൃഷ്ടിച്ചതിനാണ് സുരേഷ് ഗോപി, കെ സുരേന്ദ്രന് എന്നിവരടക്കം 500ഓളം പേര്‍ക്കെതിരെ കേസെടുത്തതെന്നാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറിയിച്ചത്. ഈ മാസം രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണ തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര ബിജെപി സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
കരുവന്നൂരിലെ ആദ്യ പരാതിക്കാരന് സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയില്‍ ആദരിച്ചിരുന്നു. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തിലും പാതയോരങ്ങളില്‍ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയത്. ഈ യാത്രയില്‍ വാഹനതടസ്സം സൃഷ്ടിച്ചു എന്നത് ചൂണ്ടികാട്ടിയാണ് കേസ്.