ഇന്ത്യയുടെ നീലക്കുപ്പായമണിയാന്‍ കാത്ത് രണ്ട് തിരുവല്ലക്കാര്‍; അഭിമാനം നിമിഷത്തിനടുത്ത് വിഷ്ണുവും സാന്ദ്രയും

പത്തനംതിട്ട: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ നീലക്കുപ്പായമണിയാന്‍ അവസരം കാത്തിരിക്കുകയാണ് രണ്ട് തിരുവല്ലക്കാര്‍. വിക്കറ്റിനു പിന്നിലും ബാറ്റിങ്ങിലും ഒരുപോലെ കസറുന്ന വിഷ്ണു വിനോദും ഓഫ് സ്പിന്നര്‍ സാന്ദ്രാ സുരനും ഇതിനോടകം തന്നെ ദേശീയ ക്രിക്കറ്റില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ കേരളാ ടീമിനെ സെഞ്ചുറിയിലൂടെ വിജയത്തിലേക്കു നയിച്ചത് വിഷ്ണുവിന്റെ തകര്‍പ്പന്‍ പോരാട്ടമായിരുന്നു.ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കു വേണ്ടി കളിച്ച വിഷ്ണു വൈകാതെ ഇന്ത്യന്‍ ക്യാംപില്‍ എത്തുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ. വിജയ് ഹസാരെ ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കഴിഞ്ഞ ശനിയാഴ്ച ഹസാരെ ട്രോഫിയില്‍ഇതിഹാസസമാനമായ ഇന്നിങ്‌സാണ് വിഷ്ണു കാഴ്ചവച്ചത്.

Advertisements

മഹാരാഷ്ട്രയുടെ 291 എന്ന സ്‌കോര്‍ പിന്തുടരാനിറങ്ങിയ കേരളം 34ന് 4 വിക്കറ്റും 120ന് 6 വിക്കറ്റും വീണ് തകര്‍ച്ചയുടെ പടിവാതിലില്‍ ആയിരുന്നു. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിഷ്ണുവും സിജോമോന്‍ ജോസഫും ചേര്‍ന്നു നേടിയത് 174 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍. നൂറിലേറെ റണ്‍സിനു തോല്‍ക്കേണ്ടിയിരുന്ന കളി 4 വിക്കറ്റിനു ജയിച്ചു വിഷ്ണുവും സിജോമോനും കേരളത്തെ കൈപിടിച്ചുയര്‍ത്തി. 82 പന്തില്‍ സെഞ്ചുറി നേടിയ വിഷ്ണു തന്നെയായിരുന്നു താരം. ഏഴാം വിക്കറ്റില്‍ കളിക്കാനിറങ്ങി സെഞ്ചുറി സ്വന്തമാക്കുകയെന്ന അപൂര്‍വ നേട്ടവും വിഷ്ണു സ്വന്തമാക്കി. തിരുവല്ല ചുമത്ര മംഗലശേരി വിനോദിന്റെയും സുനിതയുടെയും മകനായ വിഷ്ണു കെസിഎയുടെ ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് പരിശീലനം തുടങ്ങിയത്. അണ്ടര്‍ 19, 23, 25, രഞ്ജി ടീമുകളില്‍ കേരളത്തിനു വേണ്ടി കളിച്ചു. തിരുവല്ല എംജിഎമ്മില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിഷ്ണു നിലവില്‍ ദക്ഷിണ റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിന്റെ വനിതാ സീനിയര്‍ ടീമില്‍ അംഗമായ സാന്ദ്ര ഇന്ത്യന്‍ വനിതാ ടീമിലേക്കുള്ള കേരളത്തിന്റെ വാഗ്ദാനമാണ്. 2014 15ല്‍ അണ്ടര്‍ 16ല്‍ ആണ് അരങ്ങേറ്റം. അണ്ടര്‍ 19, 23 ടീമുകളില്‍ കേരളത്തിനു വേണ്ടി കളിച്ചു.കെസിഎയുടെ തിരുവല്ലയിലെ അക്കാദമിയിലാണ് പരിശീലനം തുടങ്ങിയത്. പെരിങ്ങര സര്‍പ്പപ്പറമ്പില്‍ സുരന്റെയും സുമയുടെയും മകളാണ്. തിരുവല്ല എംജിഎം, കെസിഎ സീനിയര്‍ അക്കാദമി കോട്ടയം, കെസിഎ സീനിയര്‍ അക്കാദമി വയനാട്, ആലുവ യുസി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍ വൈകാതെ അരങ്ങേറുമെന്നാണ് പ്രതീക്ഷയെന്ന് കെസിഎ പ്രസിഡന്റ് സാജന്‍ കെ.മാത്യു പറഞ്ഞു.

Hot Topics

Related Articles