തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെളളക്കെട്ടിൽ കഴക്കൂട്ടം സബ്സ്റ്റേഷൻ പ്രവർത്തനം തടസ്സപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള , യൂണിവേഴ്സിറ്റി, 1 ഓഷ്യാനസ് എന്നീ 11 കെ വി ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തു. കഴക്കൂട്ടം 110 കെ വി സബ്സ്റ്റേഷനു സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്സ്റ്റേഷനിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്.
ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റു മാർഗ്ഗങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെളളം ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ കഴക്കൂട്ടം 110 കെ വി സബ്സ്റ്റേഷന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണ് വരുന്നത്. അത്തരം സാഹചര്യത്തിൽ കഴക്കൂട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ട്.
കൂടാതെ കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ, വേളി എന്നീ സബ്സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നിർവ്യാജം ഖേദിക്കുന്നു. സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.