വെച്ചൂർ: പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു നടന്ന കേരളോൽസവത്തിൽ കായിക മൽസരങ്ങളിൽ യുവാക്കളുടെ സജീവ പങ്കാളിത്തമുണ്ടായപ്പോൾ കലാമൽസരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്.വെച്ചൂർ പഞ്ചായത്തിൽ വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ , ഷട്ടിൽ ബാഡ്മിന്റൺ തുടങ്ങിയവയിൽ യുവജനങ്ങളുടെ വലിയ പങ്കാളിത്തമാണുണ്ടായത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടന്നു വരുന്ന ബോധവൽക്കരണം യുവജനങ്ങൾക്കിടയിൽ കാര്യമായ മാറ്റമുണ്ടാക്കുന്നുവെന്നാണ് ഗ്രാമീണ മേഖലകളിൽ കായിക വിനോദങ്ങളോട് യുവാക്കളും വിദ്യാർഥികളും കാട്ടുന്ന ആഭിമുഖ്യം വെളിവാക്കുന്നത്. വെച്ചൂർ സെന്റ് മൈക്കിൾ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വെച്ചൂർ പഞ്ചായത്തുതല ഫുട്ബോൾ മൽസരം പന്തടിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. വെച്ചൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ടീമുകളാണ് ഫുട്ബോൾ മൽസരത്തിൽ മാറ്റുരച്ചത്. ഫുട്ബോൾ മൽസരത്തിൽ ഇടയാഴം സംസ്കാര ഒന്നാം സ്ഥാനവും അംബികാമാർക്കറ്റ് എസ് വൈ സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫ് , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരായ സോജി ജോർജ് , പി.കെ. മണിലാൽ, എസ്.ബീന, പഞ്ചായത്ത് അംഗങ്ങളായ ആൻസി തങ്കച്ചൻ , സ്വപ്നമനോജ്, ബിന്ദുരാജു ,മിനിമോൾ കോട്ടയ്ക്കൽ, കേരളോത്സവം കോ-ഓർഡിനേറ്റർ സനൽജോസ് , കുഞ്ഞുമോൻ കോട്ടയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.