കോട്ടയം: ഈരാട്ടുപേട്ടയെ മോശമായി ചിത്രീകരിച്ചു എന്ന പേരിൽ കോട്ടയം എസ്.പി കെ.കാര്‍ത്തിക്കിനെതിരെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. പൊലീസിന്റെ ഉടമസ്ഥതയിലുളള ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അയച്ച റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശത്തിന്റെ പേരിൽ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് എസ്.പിക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചത്. ഈ പരാമര്‍ശം ഈരാറ്റുപേട്ടയെയാകെ മോശമായി ചിത്രീകരിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയർന്നു വന്നത്.
സംസ്ഥാന പൊലീസ് മേധാവിക്ക് എസ്.പി കൊടുത്ത റിപ്പോര്‍ട്ടിലെ പരാമര്‍ശം തികച്ചും തെറ്റാണെന്നും ബുധനാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിക്കുമെന്നും ഉദ്യോഗസ്ഥനില്‍ വിശദീകരണം തേടണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഈരാറ്റുപേട്ടയെയാകെ മോശമായി ചിത്രീകരിച്ചു എന്ന വ്യാഖ്യാനത്തോടെ ശക്തിപ്പെടുന്ന വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് എസ്.പി. താഴെ തട്ടില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് താന്‍ നല്‍കിയതെന്ന് കോട്ടയം എസ്.പി വിശദീകരിക്കുന്നു.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഏതാണ്ട് രണ്ടേ മുക്കാല്‍ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. പൊലീസിന്റെ കൈവശമുള്ള ഈ ഭൂമിയില്‍ നിന്ന് 50 സെന്റ് സ്ഥലം സിവില്‍ സ്റ്റേഷന് നിര്‍മാണത്തിന് വേണ്ടി വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഈ സ്ഥലം കൈമാറാനാവില്ലെന്ന് കാണിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചു.
പൊലീസുകാര്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ ഈ സ്ഥലം വേണം എന്നതടക്കം ഭൂമി വിട്ടുകൊടുക്കാതിരിക്കാന്‍ പല കാരണങ്ങള്‍ എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. അതില്‍ മതപരമായ വിഷയങ്ങളും, തീവ്രവാദ പ്രശ്നങ്ങളും നിലനില്‍ക്കുന്ന സ്ഥലമായതിനാല്‍ ഭാവിയില്‍ തീവ്രവാദ വിരുദ്ധ പൊലീസ് പരിശീലന കേന്ദ്രത്തിനും ഈ ഭൂമി ഉപയോഗപ്പെടുത്താമെന്ന് എസ്.പി പറയുന്നു.