ബംഗളൂരു: കർണാടകയിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും എച്ച് ഡി ദേവഗൗഡ. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു.ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയർത്തിയ സി.എം. ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച വാർത്താ സമ്മേളനത്തിലാണ് ദേവഗൗഡ ഈ വെളിപ്പെടുത്തൽ നടത്തിയത്.
‘കേരളത്തിൽ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണ്. ഞങ്ങളുടെ ഒരു എം.എൽ.എ. അവിടെ മന്ത്രിയാണ്. ബി.ജെ.പി.യുമായി ചേർന്നുപോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. അവിടത്തെ ഞങ്ങളുടെ മന്ത്രി(കെ. കൃഷ്ണൻകുട്ടി) സമ്മതം തന്നു. പാർട്ടിയെ രക്ഷിക്കാൻ ബി.ജെ.പി.ക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം തന്നതാണ്.’- ദേവഗൗഡ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജെ.ഡി.എസ്. കേരള ഘടകത്തിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ ഇടതുമുന്നണിയോടൊപ്പം നിൽക്കാനും ബി.ജെ.പി. സഖ്യത്തെ തള്ളാനുമായിരുന്നു കേരള ഘടകത്തിന്റെ തീരുമാനം. ഇക്കാര്യം സംസ്ഥാനനേതാക്കൾ ദേവഗൗഡയെ നേരിൽ അറിയിക്കുകയും ചെയ്തിരുന്നു. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ അധികാരമുണ്ടെന്ന് ദേവഗൗഡ അറിയിച്ചതായാണ് പാർട്ടി കേരള അധ്യക്ഷൻ മാത്യു ടി. തോമസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.