ജബൽപൂർ: മധ്യപ്രദേശിലെ ജബല്പൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. പ്രാദേശിക നേതാക്കള്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശർമക്ക് നേരെയും സീറ്റ് കിട്ടാത്തതിനെ ചൊല്ലി കടുത്ത പ്രതിഷേധം ഉയർന്നു.
ഇന്നലെയാണ് 92 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചത്. മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നപ്പോഴും പാർട്ടി ആസ്ഥാനത്തടക്കം പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ നിർണായകമായ യുവാക്കളുടെ വോട്ട് നേടാനുള്ള പ്രയത്നത്തിലാണ് ബിജെപിയും കോൺഗ്രസും. വോട്ട് ചെയ്യുമ്പോൾ വിദ്യാഭ്യാസവും തൊഴിലില്ലായ്മയും മുതൽ സുരക്ഷ വരെയുള്ള വിഷയങ്ങളാണ് സംസ്ഥാനത്തെ യുവാക്കുകളുടെ പ്രധാന പരിഗണന.