പത്തനംതിട്ട പന്തളത്ത് റയില്‍വേ ജോലി വാഗദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയ കേസില്‍ വയോധിക അറസ്റ്റില്‍; പിടിയിലായത് തങ്കവിഗ്രഹം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരുമ്പോള്‍; തട്ടിപ്പ് സ്ഥിരം തൊഴിലാക്കിയ വയോധികയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നത്

പന്തളം: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പന്തം മുളക്കുഴ സ്വദേശിനികളായ സഹോദരിമാരില്‍ നിന്നും 18 ലക്ഷം രൂപ തട്ടിയ വയോധിക പിടിയില്‍. സമാനമായ നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് അനിഴം വീട്ടില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യ ഗീതാ റാണിയെ(63)യാണ് എസ് എച്ച് ഒ. എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
റെയില്‍വേയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ക്ലാര്‍ക്ക് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത്, വ്യാജ നിയമന ഉത്തരവ് നല്‍കിയാണ് സഹോദരിമാരില്‍ നിന്നും പണം തട്ടിയെടുത്തത്. റെയില്‍വേയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പെണ്‍മക്കളാണ് ഇവര്‍.

Advertisements

2019 ഫെബ്രുവരിയില്‍ ജോലിയ്ക്കായി ചെന്നൈ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയ യുവതികള്‍ അവിടെ വച്ച് ഒറ്റപ്പാലം സ്വദേശി രാജേഷിനെ പരിചയപ്പെട്ടിരുന്നു. രാജേഷ് ഇവര്‍ക്ക് റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം ഈഞ്ചക്കല്‍ സ്വദേശിയായ പ്രകാശിന്റെ നമ്പരും നല്‍കി. പ്രകാശാണ് ഗീതാ റാണിയെ ഇവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. റെയില്‍വേ ജോലിക്കാരിയെന്ന വ്യാജേനെ ഗീത ഇവരുമായി ബന്ധം സ്ഥാപിച്ചു. യുവതികള്‍ക്ക് ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചെന്നൈയിലേക്ക് വിളിച്ചു വരുത്തി. അവിടെ അഭിമുഖം നടത്തി. ജോലിയ്ക്കായി ഇരുവര്‍ക്കും നിയമന ഉത്തരവും നല്‍കി. പ്രകാശാണ് വ്യാജ നിയമന ഉത്തരവ് തയാറാക്കുന്നത്. ചെന്നൈയില്‍ മെഡിക്കല്‍ പരിശോധന നടത്തി ജോലി ഉറപ്പിച്ച യുവതികള്‍ പിന്നീട് നാലു തവണയായി 18 ലക്ഷം രൂപ ഗീതാ റാണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാന കേസില്‍ മുമ്പ് പലതവണ ഗീതാ റാണി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവസാനമായി തൃശൂരില്‍ വ്യാജ തങ്ക വിഗ്രഹം വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുമ്പോഴാണ് അറസ്റ്റ്.തൃശൂര്‍, ചവറ, അഞ്ചാലുംമൂട്, അടൂര്‍, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് ഇവര്‍. 2013 മുതല്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. ചെട്ടികുളങ്ങരയിലെ സ്വകാര്യ സ്‌കൂളില്‍ ക്ലാര്‍ക്കായിരുന്നു ഗീതയെന്ന് പോലീസ് പറഞ്ഞു. എസ് ഐ ജി ഗോപന്‍, എ എസ് ഐ ജി അജിത്ത്, മഞ്ജുമോള്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഗീതാ റാണിയെ തൃശൂര്‍ വനിത ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles