അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെതിരെ മുന്‍തൂക്കം നേടി ആസ്ട്രേലിയ.ആദ്യ ഇന്നിങ്സില്‍ ഒൻപത് വിക്കറ്റിന് 473 റണ്‍സെന്ന മികച്ച സ്കോറുയര്‍ത്തിയ ആതിഥേയര്‍ സന്ദര്‍ശകരുടെ രണ്ടു വിക്കറ്റ് 17 റണ്‍സിനിടെ വീഴ്ത്തുകയും ചെയ്താണ് ഡേനൈറ്റ് പിങ്ക് ടെസ്റ്റില്‍ മേധാവിത്തം സ്വന്തമാക്കിയത്.
ഓപ്പണര്‍മാരായ ഹസീബ് ഹമീദും (6) റോറി ബേണ്‍സും (4) ആണ് പുറത്തായത്. അരങ്ങേറ്റക്കാരന്‍ മൈക്കല്‍ നെസറും മിച്ചല്‍ സ്റ്റാര്‍കും ഓരോ വിക്കറ്റ് വീതമെടുത്തു. നേരത്തേ, മാര്‍നസ് ലബുഷെയ്നിന്റെ സെഞ്ച്വറിയും (103) സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തുമാണ് (93) ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് സ്റ്റാര്‍കിന്റെയും (39 നോട്ടൗട്ട്) നെസറിന്റെയും (35) സംഭാവനയും ടീമിന് കരുത്തേകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലബുഷെയ്ന്റെ ആറാം ടെസ്റ്റ് സെഞ്ചുറിയാണ്, ആഷസിലെ ആദ്യത്തേതും ഡേ-നൈറ്റ് ടെസ്റ്റിലെ മൂന്നാമത്തേതു മാണ്. 305 പന്ത് നേരിട്ട ലബുഷെയ്ന് എട്ട് ഫോറുകള്‍ നേടി. ഒടുവിൽ ഒലി റോബിന്‍സണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ട്രാവിസ് ഹെഡിനും (18), കാമറൂണ്‍ ഗ്രീനിനും (2) അധികനേരം ക്രീസില്‍ നില്ക്കാനായില്ല.
പിന്നീട് നായകന് സ്മിത്തും കാരെയും ചേര്‍ന്നുള്ള 91 റണ്‍സിന്റെ കൂട്ടുകെട്ട് ഓസീസിനെ മികച്ച നിലയിലേക്കു നയിച്ചു. സെഞ്ചുറിലേക്കു നീങ്ങുകയായിരുന്ന സ്മിത്തിനെ ജയിംസ് ആന്ഡേഴ്സണ് വിക്കറ്റിനു മുന്നില്‍ കുരുക്കി. കന്നി ടെസ്റ്റ് അര്‍ധ സെഞ്ചുറി നേടിയ കാരെയും വൈകാതെ പുറത്തായി.
മിച്ചല്‍ സ്റ്റാര്‍ക്ക്-മിച്ചല്‍ നെസെര്‍ എട്ടാം വിക്കറ്റ് സഖ്യം അടിച്ചു തകര്‍ത്തപ്പോള്‍ സ്കോര്‍ബോര്‍ഡ് ഉയര്‍ന്നു. 58 റണ്‍സാണ് ഈ സഖ്യം നേടിയത്. 39 പന്തില്‍ 39 റണ്‍സുമായി സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. 24 പന്തില്‍ 35 റണ്‍സ് നേടിയ നെസര്‍ പുറത്തായി. ഒന്‍പതാം വിക്കറ്റില്‍ സ്റ്റാര്‍ക്കും-ജേ റിച്ചാര്‍ഡ്സണും ഒന്‍പത് പന്തില്‍ 25 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സ് മൂന്നും ആന്ഡേഴ്സണ് രണ്ടും വിക്കറ്റ് വീഴ്ത്തി.