തിരുവല്ല : മധ്യതിരുവിതാംകൂറിലെ പ്രസിദ്ധ വ്യാപാര വാണിജ്യ മേളയായ വൃശ്ചിക വാണിഭത്തിന് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രാങ്കണം ഒരുങ്ങി. വൃശ്ചികം ഒന്നായ നാളെ മുതൽ 27 വരെയാണ് ഇത്തവണത്തെ മേള. ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട ഹൈന്ദവർ എല്ലാ വർഷവും വൃശ്ചികം ഒന്നിന് ക്ഷേത്രത്തിനു മുന്നിലുള്ള ആൽത്തറയിൽ കാർഷിക ഉത്പന്നങ്ങളും പണി ആയുധങ്ങളും കാഴ്ചവെച്ചിരുന്നു. ഇത് വാങ്ങാൻ ദൂരെ നിന്നും ആളുകൾ എത്തിയതോടെ വെച്ച് വാണിഭം പിന്നീട് വ്യാപാര മേളയായി മാറുകയായിരുന്നു. ഉപ്പു തൊട്ട് കർപ്പൂരം വരെ ലഭിക്കുമെന്നുള്ളത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
പരമ്പരാഗത തനിമ നിലനിർത്തിപോരുന്ന ഈ മേള കാണുവാൻ അടുത്ത ജില്ലകളിൽ നിന്നു പോലും നൂറുകണക്കിനാളുകൾ ഇവിടെ എത്തുന്നു.
ഇത്തവണത്തെ വൃശ്ചിക വാണിഭം നാളെ രാവിലെ 9ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എ. ജി. ശശീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കെ പി എം എസ് സംസ്ഥാന പ്രസിഡന്റും ദേശീയ കർമ്മചാരി കമ്മീഷൻ അംഗവുമായ ഡോ. പി പി വാവ ഉത്ഘാടനം ചെയ്യും.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വാമദേവൻ നായർ, വാർഡ് മെമ്പർ ശ്രീജാ റ്റി നായർ, ക്ഷേത്ര ഉപദേശക സമിതിയംഗം ഡി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
തിരുവല്ലയിൽ നിന്ന് പ്രത്യേക കെ എസ് ആർ ടി സി സർവീസും ഉണ്ടാകും.