മാഡ്രിഡ്: ബാഴ്‌സലോണ നഗരസഭാ ഭരണകൂടം ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഫലസ്തീൻ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സ്‌പെയിൻ. യൂറോപ്യൻ യൂനിയൻ(ഇ.യു) ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചിക്കണമെന്നാണ് സ്‌പെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്കു വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യൂറോപ്യൻ യൂനിയനും അംഗരാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കേണ്ട സമയമാണിതെന്ന് സാഞ്ചെസ് ഈജിപ്തിലെ റഫാ അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. അംഗരാജ്യങ്ങളുടെയെല്ലാം പിന്തുണയോടെ ഒട്ടും ആലോചിക്കാതെ, എത്രയും വേഗം ഈ അംഗീകാരം വരണം. അതുണ്ടായില്ലെങ്കില്‍ സ്‌പെയിൻ സ്വന്തം നിലയ്ക്കു തീരുമാനം കൈക്കൊണ്ടുമുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയില്‍ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചതുകൊണ്ടായില്ലെന്നും സ്ഥായിയായ വെടിനിര്‍ത്തലാണു വേണ്ടതെന്നും പെഡ്രോ സാഞ്ചെസ് ആവശ്യപ്പെട്ടു.
ഗസ്സയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീനികള്‍ക്കു കൂടുതല്‍ മാനുഷികസഹായം എത്തിക്കുമെന്നും സാഞ്ചെസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്ത് വഴിയാണു സഹായം എത്തിക്കുന്നത്. ഫലസ്തീനു വേണ്ട മിക്ക സഹായങ്ങളും തങ്ങള്‍ എത്തിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അറിയിച്ചു. അന്താരാഷ്ട്രസമൂഹം കൂടുതല്‍ സഹായവാഗ്ദാനങ്ങളുമായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഫാ അതിര്‍ത്തി അടക്കില്ലെന്നും സീസി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗസ്സ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ടുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് സ്‌പെയിനിലെ പ്രധാന നഗരമായ ബാഴ്‌സലോണയിലെ നഗരസഭാ ഭരണകൂടം പാസാക്കിയത്. ഇസ്രായേല്‍ ഫലസ്തൻ ജനതയുടെ മൗലികമായ അവകാശങ്ങളെ മാനിക്കുകയും ഗസ്സയില്‍ സ്ഥായിയായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നതുവരെ ഇസ്രായേലുമായി സഹകരണമുണ്ടാകില്ലെന്നാണു പ്രഖ്യാപനം.
ഇതാദ്യമായല്ല ബാഴ്‌സലോണ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും അന്നത്തെ ബാഴ്‌സ മേയര്‍ അഡ കൊളാവു ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിച്ചതായും തെല്‍അവീവുമായുള്ള ഇരട്ടനഗര കരാറില്‍നിന്നു പിന്മാറിയതായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കുമുൻപ് സോഷ്യലിസ്റ്റ് നേതാവ് ജാം കോല്‍ബോണിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരമേറ്റ ശേഷം ഇസ്രായേലുമായുള്ള ബന്ധത്തില്‍ പൂര്‍വസ്ഥിതിയിലേക്കു മടങ്ങിയിരുന്നു. ഗസ്സ ആക്രമണത്തോടെ കൊളാവുവിന്റെ തീവ്ര ഇടതു പാര്‍ട്ടിയായ എൻ കമ്യൂണ്‍ ആണ് പ്രമേയം കൊണ്ടുവന്നത്. കോല്‍ബോണിയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഇടത് കക്ഷിയായ ഇ.ആര്‍.സിയും ഇതിനെ പിന്താങ്ങുകയും ചെയ്തു.