തിരുവനന്തപുരം: ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കടുത്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ബുധനാഴ്ചയോടെ ഇത് തീവ്രന്യൂനമര്‍ദ്ദമാകുമെന്നുമാണ് അറിയിപ്പിലുള്ളത്. വരുന്ന അഞ്ച് ദിവസങ്ങള്‍ക്കകം കേരളത്തില്‍ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. ന്യൂനമര്‍ദ്ദം തീവ്രമായാല്‍ മഴ കടുത്തേക്കുമെന്നും ഇടിമിന്നലുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി താരതമ്യേന മിതമായ മഴയാണ് സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ലഭിച്ചത്. ഇതിന് മുൻപുള്ള ആഴ്ചയില്‍ സംസ്ഥാനത്തെ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ചൊവാഴ്ചയോടെ ശക്തിപ്രാപിക്കും. നവംബര്‍ 29 ആകുന്പോള്‍ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.