കോട്ടയത്ത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് പോക്‌സോ കേസിൽ ശിക്ഷ: വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീട്ടുവിട്ടിറങ്ങിയ മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു; പാലാ കടനാട് സ്വദേശിയ്ക്ക് പത്തു വർഷം കഠിന തടവ്

കോട്ടയം: വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലാ കടനാട് സ്വദേശിയായ പ്രതിയ്ക്ക് പത്തു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പാലാ കടനാട് ഇന്ദിരക്കുന്നേൽകവലയ്ക്കു സമീപം ചിങ്ങന്റേത്ത് വീട്ടിൽ അജേഷി (അജി -32)നെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം വെറും തടവ് അനുഭവിക്കാനും കോടതി വിധിച്ചു. ഇന്ത്യൻ ശിക്ഷാനിയമം 376 (2)(ജെ), പോക്‌സോ നിയമം സെക്ഷൻ നാല് പ്രകാരവുമാണ് ശിക്ഷ. രണ്ടു ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴതുകയിൽ നിന്നുള്ള 75000 രൂപ പെൺകുട്ടിയ്ക്കും നൽകാനും കോടതി വിധിച്ചു.

Advertisements

2013 സെപ്റ്റംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഒരേ ദിവസം രണ്ടിടത്തു വച്ച് രണ്ടു പേരാണ് പീഡിപ്പിച്ചത്. വല്യമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടിയെ ആദ്യം അയ്മനം എസ്.ബി.ഐയ്ക്കു സമീപത്തു നിന്നും മുൻപ് പരിചയത്തിലുണ്ടായിരുന്ന മനുവെന്ന യുവാവ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി, പാണ്ഡവം ഭാഗത്തെ ഒഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, ഇയാൾ പെൺകുട്ടിയെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടെ നിന്നും ബസിൽ കയറി മണർകാട് പള്ളി ഭാഗത്ത് എത്തിയ പെൺകുട്ടിയെ, പാലാ കടനാട് സ്വദേശിയായ അജേഷ് പരിചയപ്പെടുകയായിരുന്നു. പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്നും വാഗ്ദാനം ചെയ്തു മണർകാട് നിന്നും ബസിൽ കയറിയ അജേഷ്, കുട്ടിയെയുമായി നേരെ എത്തിയത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ട ശേഷം അജേഷ്, രാത്രി മുഴുവൻ പെൺകുട്ടിയുമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കറങ്ങി നടന്നു. തുടർന്നു, രാത്രിയിൽ ഇവിടെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന്, ഒരു ഓട്ടോറിക്ഷയിൽ മണർകാട് ഭാഗത്തേയ്ക്ക് ഇയാൾ കയറ്റി വിടുകയായിരുന്നു.

ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി കുട്ടിയുടെ പിതാവ് അന്ന് കോട്ടയം വെസ്റ്റ് സി.ഐ ആയിരുന്ന ഇപ്പോഴത്തെ വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിനു പരാതി നൽകി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ മണർകാട് പള്ളിയുടെ ഭാഗത്തു നിന്നും കണ്ടെത്തിയത്. ഇതിനു ശേഷം പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതിനു ശേഷം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ രണ്ടു പേരെയും പിടികൂടിയത്. എ.ജെ തോമസ് തന്നെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരനാണ് കോടതിയിൽ ഹാജരായി പ്രതികൾക്കു ശിക്ഷ വാങ്ങി നൽകിയത്. ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ച മനുവിന് പത്തു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും നേരത്തെ വിധിച്ചിരുന്നു.

Hot Topics

Related Articles