ആലപ്പുഴ : മാവേലിക്കരയിൽ ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ. ബാൽ മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേയാണ് ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും ചാടി മരിച്ചത്. നക്ഷത്രയെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസം ജയിലിലേക്ക് റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഇതിനുശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷിനെ ഇന്നു രാവിലെയാണ് ആലപ്പുഴയിലെ കോടതിയിൽ കൊണ്ടുവന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ശ്രീ മഹേഷിനെതിരെയുള്ള കുറ്റപത്രം ഇന്നു വായിച്ചു കേൾപ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു. ആദ്യ ഭാര്യയുടെ മരണശേഷം പുനർ വിവാഹിതനാകുവാനുളള ശ്രീമഹേഷിന്റെ ഉദ്യമത്തിൽ മകളായ നക്ഷത്ര തടസ്സമാകുന്നു എന്ന് കണ്ട് മകളെ അതിക്രൂരമായി കൊലപ്പെടുത്തി എന്നും പ്രതിയുടെ മാതാവിനെ വധിക്കുവാൻ ശ്രമിച്ചു എന്നുമാണ് പ്രതിക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ്.
കുറ്റകൃത്യം നടന്നശേഷം ഉടൻതന്നെ അറസ്റ്റിലായ പ്രതിക്കെതിരെയുള്ള കുറ്റപത്രം 76 ദിവസത്തിനുള്ളിൽ തന്നെ ഫയൽ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത് ഫയൽ ചെയ്ത കുറ്റപത്രത്തിൽ 51 സാക്ഷികളെ ആണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിക്കുവാൻ ഉദ്ദേശിക്കുന്നത്. പ്രതാപ് ജി. പടിക്കൽ ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ. 2023 ജൂൺ ഏഴിന് രാത്രി ഏവരെയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.